കോട്ടയം: രാമപുരത്ത് നാലമ്പല ദര്‍ശനത്തിനായി വൻ ഭക്തജനതിരക്ക്. ഞായറാഴ്ച ആയതിനാല്‍ ആയിരക്കണക്കിനാളുകളാണ് ക്ഷേത്രങ്ങളിലേക്കെത്തിയത്. ഉച്ചപൂജയ്ക്ക് മുമ്പ് ദര്‍ശനം പൂര്‍ത്തിയാക്കണമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്ന് തുടങ്ങി ഉച്ച പൂജയ്ക്കുമുമ്പായി കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തുന്നതോടെയാണ് നാലമ്പല ദര്‍ശനം പൂര്‍ത്തിയാകുന്നത്. പുലര്‍ച്ചെ നാല് മണിയോടെ നാല് ക്ഷേത്രങ്ങളിലും നിര്‍മ്മാല്യ ദര്‍ശനം നടന്നു. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ഭക്തര്‍ മറ്റു മൂന്ന് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയശേഷം വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തി ദര്‍ശനം പൂര്‍ത്തിയാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകർക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍ക്കുലര്‍ സര്‍വീസ് നടത്തി. അമനകര ഭരതസ്വാമി ക്ഷേത്രത്തില്‍ പാണ്ടിയാപ്പുറത്ത്, വെളിയത്ത്, പുതിയടത്ത് ഇല്ലം കുടുംബങ്ങള്‍ പൂജയ്ക്കുള്ള പ്രത്യേക കാഴ്ചകള്‍ സമര്‍പ്പിച്ചു. കലശകുടം, ജലദ്രോണി, വിളക്ക് എന്നിവയാണ് കുടുംബങ്ങള്‍ സമര്‍പ്പിച്ചത്.