കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലെ വിവിധ പ്രദേശങ്ങളില്‍ മിന്നല്‍ പ്രളയം. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, പാമ്പാടി, നെടുംകുന്നം, കങ്ങഴ, പുതുപ്പള്ളി, കറുകച്ചാല്‍, മാടപ്പള്ളി പഞ്ചായത്തുകളിലും മണിമലയുടെ വിവിധ പ്രദേശങ്ങളിലുമാണ് ശക്തമായ മഴയില്‍ വെള്ളം കയറിയത്. ഞായറാഴ്‌ച രാത്രി തുടങ്ങിയ മഴ തിങ്കളാഴ്ച്ച പുലര്‍ച്ചെയോടെയാണ് ശമിച്ചത്.
തോടുകള്‍ കരകവിഞ്ഞ് ഒഴുകുകയും സമീപത്തുള്ള റോഡിലും പുരയിടങ്ങളിലും വെള്ളം കയറുകയും ചെയ്‌തു. കറുകച്ചാല്‍, പാമ്പാടി, നെടുംകുന്നം, അയര്‍ക്കുന്നം, മണര്‍കാട് തുടങ്ങിയ പഞ്ചായത്തുകളില്‍ റോഡുകളും വീടുകളും വെള്ളം കയറി. ജലനിരപ്പ് താഴ്ന്ന ശാന്തമായി ഒഴുകിയ തോടുകള്‍ കരകവിഞ്ഞ് പാടശേഖരങ്ങളും പുരയിടങ്ങളും തോട്ടങ്ങളും കടന്ന് വീടുകളും സ്ഥാപനങ്ങളും ഉള്‍പ്പെടെ വെള്ളത്തിലാഴ്ത്തി.
പ്രളയ കാലത്തിന് സമാനമായിരുന്നു വിവിധയിടങ്ങളില്‍ സ്ഥിതി. പാമ്പാടി, ചങ്ങനാശേരി അഗ്‌നിശമനസേനയുടെ നേതൃത്വത്തിലുള്ള സ്‌കൂബ ടീം അടക്കമുള്ളവര്‍ എത്തി വെള്ളം കയറിയ വീടുകളില്‍ നിന്നുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ: കോട്ടയം താലൂക്കിൽ മൂന്നും ചങ്ങനാശേരിയിൽ നാലു ക്യാമ്പുകളുമാണുള്ളത്. 43 കുടുംബങ്ങളിലെ 155 പേരാണ് സുരക്ഷിത കേന്ദ്രങ്ങളിലുള്ളത്.
ചമ്പക്കര ഗവൺമെന്റ് എൽ.പി.എസ്., നെടുമണ്ണി പള്ളി പാരിഷ് ഹാൾ, വാകത്താനം തൃക്കോത്ത് ഗവൺമെന്റ് എൽ.പി.എസ്., എറികാട് എസ്.എൻ.ഡി.പി. ഹാൾ, പുതുപ്പള്ളി അങ്ങാടി എം.ഡി. എൽ.പി. സ്‌കൂൾ, ഇരവിനെല്ലൂർ ഗവൺമെന്റ് എൽ.പി.എസ്. എന്നിവിടങ്ങളിലായാണ് ക്യാമ്പുകൾ. 61 പുരുഷൻമാരും 55 സ്ത്രീകളും 39 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. സെപ്‌റ്റംബര്‍ ഒന്ന് വരെ ജില്ലയില്‍ ശക്തമായ മഴ ലഭിക്കുമെന്ന മുന്നറിയിപ്പ് സാഹചര്യത്തില്‍ ശക്തമായ ജാഗ്രത നിര്‍ദേശമാണ് ജില്ല ഭരണകൂടം നല്‍കിയിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവധി: കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് (ഓഗസ്റ്റ് 30) അവധി പ്രഖ്യാപിച്ചത്. മുൻപ് നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
also read: കോട്ടയം നഗരത്തിലും പടിഞ്ഞാറൻ മേഖലയിലും മഴ തുടരുന്നു: മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നു