കോട്ടയം: ജില്ലയില്‍ ശക്തമായ മഴക്ക് ശമനം. അതേസമയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും വെള്ളക്കെട്ടിലാണ്. കിഴക്കന്‍ മേഖലയായ തീക്കോയി, പൂഞ്ഞാര്‍ പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലും തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലും മീനച്ചിലാര്‍ കരകവിഞ്ഞൊഴുകിയതുമാണ് പടിഞ്ഞാറൻ മേഖല പൂർണമായും വെള്ളത്തിനടിയിലാകാന്‍ കാരണം. നിലവില്‍ കോട്ടയത്ത് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 43 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,019 പേരെ മാറ്റി പാര്‍പ്പിച്ചതായും അധികൃതര്‍ അറിയിച്ചു.
അപ്പർകുട്ടനാട്ടിലെ തിരുവാർപ്പ്, ഐമനം, അർപ്പുക്കര, കുമരകം, ഇല്ലിക്കൽ, വേളൂർ മേഖലകളിലെ നിരവധി വീടുകളും പാടശേഖരങ്ങളും വെള്ളത്തിനടിയിലായി. പാലാ നഗരത്തിലെ വെള്ളക്കെട്ട് കുറഞ്ഞ് തുടങ്ങിയെങ്കിലും ഇതുവരെ ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല. ചില പ്രദേശങ്ങളിൽ കൂടുതല്‍ വെള്ളക്കെട്ടുള്ളതാണ് ഗതാഗതം പുനസ്ഥാപിക്കുന്നതിന് പ്രതിസന്ധിയാകുന്നത്. ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ പല സ്ഥലങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. വൈക്കം, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും കൃഷിനാശവും രൂക്ഷമാണ്. മണിമലയാറിൽ വെള്ളം കുറയുന്നത് തീരദേശവാസികൾക്ക് ആശ്വാസം പകരുന്നെങ്കിലും ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ മേഖലയിൽ ആശങ്ക നിലനിൽക്കുന്നു.