കോട്ടയം : മഴക്കെടുതിയുമായി ബന്ധപ്പെട്ട നാശനഷ്‌ടക്കണക്കുകൾ ഓഗസ്റ്റ് 12നകം നൽകണമെന്ന് റവന്യൂ വകുപ്പുമന്ത്രി അഡ്വ. കെ.രാജൻ. മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഓൺലൈനായി കൂടിയ ജില്ലയിലെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ മേഖലയിലുണ്ടായ നഷ്‌ടം സംബന്ധിച്ച കണക്കുകൾ നൽകണം. മഴ മുന്നറിയിപ്പുള്ളതിനാൽ, അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഇടപെടുന്നതിനായി വില്ലേജ് ഓഫിസ് ജീവനക്കാർ അതിന്‍റെ പരിസരത്തുതന്നെ താമസിക്കണം. വില്ലേജുകളിലെ ജനകീയ സമിതികളെ സജീവമാക്കണമെന്നും മന്ത്രി പറഞ്ഞു.
താലൂക്ക്‌തല എമർജൻസി ഓപ്പറേഷൻ സെന്‍ററുകൾ ഫലപ്രദമായി പ്രശ്‌നങ്ങളിൽ ഇടപെടുന്ന നിലയിൽ പ്രവർത്തിക്കണം. ദുരിതമേഖലകളിലെ വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിന് മൃഗസംരക്ഷണ വകുപ്പുവഴി നടപടി സ്വീകരിക്കണം. ഫാമുകളുണ്ടെങ്കിൽ അവയ്ക്ക് സംരക്ഷണമൊരുക്കാനുള്ള നടപടി വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യോഗത്തിൽ ജില്ല കലക്‌ടർ ഡോ. പി.കെ ജയശ്രീ, സബ് കലക്‌ടർ രാജീവ് കുമാർ ചൗധരി, അഡീഷണൽ ജില്ല മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ഡെപ്യൂട്ടി കലക്‌ടർമാരായ അനിൽ ഉമ്മൻ, കെ.എ മുഹമ്മദ് ഷാഫി, ബി. ഫ്രാൻസിസ് സാവിയോ, ജിയോ ടി. മനോജ്, പാലാ ആർഡിഒ പി.ജി രാജേന്ദ്ര ബാബു, തഹസിൽദാർമാർ, വില്ലേജ് ഓഫിസർമാർ എന്നിവർ പങ്കെടുത്തു.
കൂടാതെ കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട് മരിച്ച റിയാസിൻ്റെ വീടും, പ്രദേശത്തെ ഏന്തയാർ ജെ.ജെ മർഫി സ്‌കൂൾ, കെഎംജെ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിലെ ക്യാമ്പുകളും, മഴക്കെടുതി ബാധിച്ച പ്രദേശങ്ങളും മന്ത്രി സന്ദർശിച്ചു. ജെ.ജെ മർഫി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിൽ 22 കുടുംബങ്ങളിലെ 74 പേരും കെ.എം.ജെ പബ്ലിക് സ്‌കൂളിലെ ക്യാമ്പിൽ 27 കുടുംബങ്ങളിലെ 68 പേരും നിലവിലുണ്ട്. വീട് നഷ്‌ടപ്പെട്ടവർക്ക് പുതിയത് നിർമിക്കാൻ സർക്കാർ സഹായം ഉണ്ടാകുമെന്ന് മന്ത്രി ദുരിതബാധിതർക്ക് ഉറപ്പുനൽകി.