കോട്ടയം: രാമപുരത്തെ ക്ഷേത്രങ്ങളില്‍ നാലമ്പല തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാമായണ മാസാചരണത്തിലൂടെ പുണ്യനാളുകളായി കരുതുന്ന കര്‍ക്കിടകം ഒന്നാം തീയതിയായ 17 മുതല്‍ ഒരു മാസത്തേക്കാണ് നാലമ്പലദര്‍ശനം. രാമപുരം ഗ്രാമ പഞ്ചായത്തില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നാലമ്പല ദര്‍ശനത്തിന് കേള്‍വികേട്ട നാല് ക്ഷേത്രങ്ങളും. ഒരേ ദിവസം ഉച്ചക്ക് മുമ്പ് നാലമ്പല ദര്‍ശനം പൂര്‍ത്തിയാക്കുന്നത് ഉത്തമമാണെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഇവിടേക്ക് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നത്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്പലദര്‍ശനത്തിന് പ്രശസ്തമായ ക്ഷേത്രങ്ങള്‍.
രാമനാമത്തില്‍ അറിയപ്പെടുന്ന ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് നാലമ്പല ദര്‍ശനം തുടങ്ങുന്നത്. തുടര്‍ന്ന് കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രത്തിലും അമനകര ഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തിയശേഷം തിരികെ രാമസ്വാമി ക്ഷേത്രത്തില്‍ എത്തുന്നതോടെ ദര്‍ശനം പൂര്‍ത്തിയാകും. രാവിലെ അഞ്ച് മുതല്‍ ഉച്ചക്ക് 12 വരെയും വൈകിട്ട് അഞ്ച് മുതല്‍ 7.30 വരെയുമാണ് ദര്‍ശനം. നാല് ക്ഷേത്രങ്ങള്‍ക്കും സമീപത്തായി ഭദ്രകാളിക്ഷേത്രവും രാമസ്വാമി ക്ഷേത്രത്തിന് സമീപം ഹനുമാന്‍ ക്ഷേത്രവും നാലമ്പലങ്ങളെ വേറിട്ടതാക്കുന്നു. മറ്റ് ക്ഷേത്രങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇവിടത്തെ വഴിപാടുകളും സവിശേഷതയുള്ളതാണ്. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ അമ്പും വില്ലും ലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ ചതുര്‍ബാഹു, ഭരതസ്വാമി ക്ഷേത്രത്തില്‍ ശംഖ്, ശത്രുഘ്‌നസ്വാമി ക്ഷേത്രത്തില്‍ ശ്രീചക്രം തുടങ്ങിയവയാണ് വഴിപാടായി സമര്‍പ്പിക്കുന്നത്. ഇത്തവണത്തെ നാലമ്പല ദർശനത്തിലായി ഭക്തജനങ്ങള്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു. ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളും വോളന്‍റിയര്‍മാരുടെ സേവനവും ലഭ്യമാണ്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘവും സജ്ജമാണ്. അമനകര ഭരതസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.