കോട്ടയം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഒരു മുഴം മുന്നേ ഒരുങ്ങി സിപിഎം. മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയാണ് തെരഞ്ഞെടുപ്പിന് മുൻകൂട്ടി കളം പിടിക്കാന്‍ സിപിഎം തയാറെടുക്കുന്നത്. അരനൂറ്റാണ്ടിലേറെയായി ഉമ്മന്‍ചാണ്ടിയെ നിയമസഭയില്‍ എത്തിച്ച മണ്ഡലമാണെങ്കിലും പുതുപ്പള്ളിയില്‍ രാഷ്ട്രീയമായി നേട്ടം സിപിഎം പ്രതീക്ഷിക്കുന്നുണ്ട്.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ ആറും ഭരിക്കുന്നത് ഇടതുമുന്നണിയാണ് എന്നതാണ് സിപിഎമ്മിന് വലിയ ആത്മവിശ്വാസം നല്‍കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ പി.കെ.ബിജുവിന് വാകത്താനം പഞ്ചായത്തിന്‍റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. മറ്റൊരു സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതല നല്‍കി. സംസ്ഥാന സമിതിയിലെ പ്രത്യേക ക്ഷണിതാവ് കെ.ജെ.തോമസിന് അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പുതുപ്പള്ളി, മണര്‍കാട് പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സമിതിയംഗം കെ. അനില്‍കുമാറിനും, സിപിഎം കോട്ടയം ജില്ല സെക്രട്ടറി എ.വി. റസലിന് കുരോപ്പട പഞ്ചായത്തിന്‍റെയും ചുമതല നല്‍കി.
മുന്നിലുണ്ട് ജെയ്‌ക്: സംസ്ഥാന നേതാക്കള്‍ക്കൊപ്പം ജില്ല കമ്മറ്റിയംഗങ്ങള്‍ക്കും വിവിധ പഞ്ചായത്തുകളുടെ ചുമതല നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണ സിപിഎമ്മിനായി മത്സരിക്കുകയും ഇത്തവണയും സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്നവരില്‍ ആദ്യ സ്ഥാനത്തുളള ജെയ്‌ക്.സി.തോമസിനോട് മണര്‍കാട് കേന്ദ്രീകരിക്കാനാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ഉണ്ടാകുമെന്ന് സിപിഎം വിലയിരുത്തലുണ്ട്. എന്നാല്‍ ഇത് ചിട്ടയായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെ മറികടക്കാനാണ് സിപിഎം ശ്രമം. കഴിഞ്ഞ രണ്ട് തവണയായി ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ കഴിഞ്ഞു എന്നതാണ് സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നത്.
2011ല്‍ സുജ സൂസ്സന്‍ ജോര്‍ജ്ജ് മത്സരിച്ചപ്പോള്‍ 33255 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിജയം. എന്നാല്‍ 2016ല്‍ 27092 ആയും 2021ല്‍ 9044 ആയും ഭൂരിപക്ഷം കുറയ്ക്കാന്‍ ജെയ്ക്ക്.സി.തോമസ്സിനായി. 1987ല്‍ വി.എന്‍.വാസവന് എതിരെ മത്സരിച്ചപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തില്‍ താഴെയെത്തിയത്. ഇതാണ് ജെയ്ക്കിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മുന്‍തൂക്കം നല്‍കുന്നത്.
പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന നേതാക്കള്‍ക്ക് നല്‍കിയത് കൂടാതെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പുതുപ്പള്ളിയില്‍ എത്തുന്നുണ്ട്. പ്രദേശിക നേതാക്കളുടെ യോഗത്തില്‍ എം.വി.ഗോവിന്ദന്‍ വരും ദിവസങ്ങളില്‍ പങ്കെടുക്കും. സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷമാകും സംസ്ഥാന സെക്രട്ടറി പുതുപ്പള്ളിയിലെത്തുക. ഓഗസ്റ്റ് 11, 12, 13 തീയതികളിലായാണ് നിലവില്‍ സിപിഎം നേതൃയോഗങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നതില്‍ കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്.