കോട്ടയം: കെ.റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തി വരുന്ന സമരം 150 ദിവസം പിന്നിടുന്നു. സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ല കമ്മിറ്റിയുടെ നേത്യത്വത്തിൽ ചങ്ങനാശേരി മാടപ്പള്ളിയിലാണ് സമരം നടക്കുന്നത്. വികസന പദ്ധതികളിൽ ജനങ്ങളെ ഒപ്പം നിർത്തി ഭരണഘടനാനുസൃതമായി വേണം സർക്കാരുകൾ പ്രവർത്തിക്കേണ്ടതെന്ന് 150-ാം ദിവസത്തെ സമരം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത അധ്യക്ഷൻ തോമസ് മാർ കൂറിലോസ് മെത്രപൊലീത്ത പറഞ്ഞു.
കെ റെയില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 20 നാണ് സത്യാഗ്രഹ സമരം ആരംഭിച്ചത്. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ 12 വരെയായിരുന്നു സമരം. രാഷ്‌ട്രീയ, സാമുദായിക, സാംസ്‌കാരിക, പരിസ്ഥിതി സംഘടന പ്രതിനിധികളും ചെങ്ങറ ഭൂസമര നേതാക്കളുമടക്കം 82 സംഘടനകളുടെ പ്രതിനിധികൾ പല ദിവസങ്ങളിലായി സമര പന്തലില്‍ എത്തി.
ജനക്ഷേമ പ്രവർത്തനങ്ങളിൽ പ്രധാനം ജനഹിതം: 150-ാം ദിവസത്തെ സമരം മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപത അധ്യക്ഷൻ തോമസ് മാർ കൂറിലോസ് മെത്രപൊലീത്ത ഉദ്‌ഘാടനം ചെയ്‌തു. ജനക്ഷേമ പ്രവർത്തനങ്ങളിൽ ജനഹിതമാണ് പ്രധാനം. വികസന പദ്ധതികളിൽ ജനങ്ങളെ ഒപ്പം നിർത്തി ഭരണഘടനാനുസൃതമായി വേണം സർക്കാർ പ്രവർത്തിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കുടിയിറക്കിന് കാരണമാകുന്ന പദ്ധതി സാമൂഹ്യ ആഘാതം സൃഷ്‌ടിക്കില്ല എന്ന് ആര്‍ക്കാണ് പറയാന്‍ കഴിയുകയെന്ന് മെത്രാപോലീത്ത ചോദിച്ചു. ഏകാധിപത്യ പ്രവണത ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കെ റെയിലുമായി ബന്ധപ്പെട്ടു സർക്കാർ മുന്നോട്ടു വയ്‌ക്കുന്ന അവകാശവാദങ്ങൾ പലതും യാഥാർഥ്യ ബോധത്തിന് നിരക്കുന്നതല്ലെന്നും മെത്രപൊലീത്ത പറഞ്ഞു.
സമരത്തില്‍ മാണി സി കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കെ റയിൽ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ല ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷനായിരുന്നു. യു ഡി എഫ് ജില്ല കൺവീനർ അഡ്വ ഫിൽസൺ മാത്യൂസ്, കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് എം പുതുശേരി, വി.ജെ. ലാലി, ഫാ തോമസ് അഴകത്ത്, സലിം പി മാത്യു, മിനി കെ ഫിലിപ്, സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ഭാരവാഹികളായ എം പി തോമസ്, എം പി ബാബുരാജ്, എസ് രാജീവൻ എന്നിവർ പ്രസംഗിച്ചു. സര്‍ക്കാര്‍ പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കുന്നതുവരെ സത്യാഗ്രഹ സമരം തുടരുമെന്ന് ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അറിയിച്ചു.