കോട്ടയം: പാലാ നഗരസഭയിൽ ഭരണപക്ഷ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടി. പാലാ നഗരസഭയില്‍ സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടവും കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലുണ്ടായ തർക്കമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. അഡ്വ. ബിനു പുളിക്കക്കണ്ടത്തിനും, ബൈജു കൊല്ലം പറമ്പിലിനും പരിക്കേറ്റു. ബൈജു ബിനുവിന്‍റെ മുഖത്തടിയ്ക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
നാല് പേര്‍ അടങ്ങുന്ന സ്റ്റാന്‍ഡിങ് കമ്മറ്റിയില്‍ ഒരാളെ പങ്കെടുപ്പിക്കാതെ യോഗം ചേര്‍ന്നാല്‍, ഒഴിവാക്കപ്പെട്ട വ്യക്തി പരാതി ഉന്നയിക്കുന്ന പക്ഷം, കമ്മറ്റിയെടുക്കുന്ന തീരുമാനത്തിന് നിയമസാധുതുണ്ടോയെന്ന ചോദ്യമാണ് ബിനു യോഗത്തില്‍ ഉന്നയിച്ചു. ചോദ്യത്തിന് മറുപടി പറഞ്ഞശേഷം മുന്നോട്ട് പോയാല്‍ മതിയെന്ന ബിനുവിന്‍റെ നിലപാടാണ് തര്‍ക്കത്തിലേയ്ക്ക് നയിച്ചത്.
ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് ബൈജുവിന് അടുത്തെത്തി സംസാരിക്കവെ ബൈജു കൈവീശി ബിനുവിന്‍റെ മുഖത്തടിയ്ക്കാന്‍ ശ്രമിച്ചു. ഇതോടെ മറ്റ് കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ബൈജുവിനെ പിടിച്ചുമാറ്റി. തര്‍ക്കം വീണ്ടും ഉയരുകയും ഇവര്‍തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടാവുകയും ചെയ്തു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സിപിഎം- കേരള കോൺഗ്രസ്(എം) അംഗങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ കൂടുതൽ ചർച്ചകൾക്ക് വഴി വയ്ക്കുകയാണ്.