കോട്ടയം : പ്രശാന്ത് രാജിന്‍റെ മരണം ആത്മഹത്യയാകാമെന്ന നിഗമനത്തില്‍ അന്വേഷണസംഘം. പോസ്റ്റ്‌മോര്‍ട്ടവും മറ്റ് പരിശോധനകളും മുന്‍നിര്‍ത്തിയാണ് പൊലീസ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എത്തിയത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.
കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ ശനിയാഴ്‌ചയാണ് കോട്ടയം ചുങ്കം സ്വദേശി പ്രശാന്ത് രാജിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച വീട്ടിൽ നിന്നുപോയ പ്രശാന്തിനെ കാണാനില്ലെന്ന് ഭാര്യ പാർവതി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകുകയായിരുന്നു.ഇന്നോവ കാർ വാടകയ്ക്ക് എടുത്ത ശേഷമാണ് പ്രശാന്ത് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും ഭാര്യ പൊലീസിനെ അറിയിച്ചിരുന്നു.
വീടുവിട്ടത് ഇന്നോവ വാടകയ്ക്ക് എടുത്ത്
ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഗാന്ധിനഗറിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിൽ നിന്നും കാർ കസ്റ്റഡിയിലെടുത്തു. അതേസമയം കാർ പ്രശാന്ത് വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചിരുന്നതാണെന്നും തങ്ങളാണ് ഉടമകളെന്നും കാറിലുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞു.
പ്രശാന്തിനെ തേടി കമ്പനി അധികൃതർ
രണ്ടുദിവസം മുൻപ് പ്രശാന്ത് ഇന്നോവ കാർ വാടകയ്ക്ക് എടുത്തിരുന്നു. എന്നാൽ കാർ തിരികെ ഏൽപ്പിച്ചിരുന്നില്ല. വാടകയും കിട്ടാതെ വന്നതോടെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പ്രശാന്തിനെ ഫോണിൽ കിട്ടാതെ വന്നതോടെ ജിപിഎസ് സംവിധാനമുപയോഗിച്ച് മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അടുത്ത് നിന്നാണ് കാർ കണ്ടെത്തിയത്.
Read more: യുവാവിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
കൈവശമുള്ള രണ്ടാമത്തെ താക്കോൽ ഉപയോഗിച്ചാണ് കാർ സ്റ്റാർട്ട് ചെയ്തതെന്നും ഉടമകള്‍ പൊലീസിനെ അറിയിച്ചു. ജിപിഎസ് പരിശോധിച്ചപ്പോൾ ഈ മൊഴി ശരിയെന്ന് ബോധ്യപ്പെട്ടതായി ഡിവൈഎസ്‌പി എം.അനിൽകുമാർ വ്യക്തമാക്കി.
കാർ വഴി പ്രശാന്തിലേക്ക്
ഇവരുമായി സ്ഥലത്ത് പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് 100 മീറ്റർ അകലെ കത്തിക്കരിഞ്ഞ നിലയിൽ പ്രശാന്തിനെ കണ്ടെത്തിയത്. എന്നാൽ നേരത്തേ മൃതദേഹം കണ്ടില്ലെന്ന് കമ്പനി അധികൃതർ പൊലീസിനോട് പറഞ്ഞു.
അതേസമയം പ്രശാന്തിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കാറുടമയുടെയും കാറിലുണ്ടായിരുന്നവരുടെയും നടപടികൾ സംശയകരമാണെന്നും അതിനാൽ അന്വേഷണം വേണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.