കോട്ടയം: പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നതോടെ തിരുനാളോഘാഷവും പരിസ്ഥിതി സൗഹൃദമാക്കി മാറ്റിയിരിക്കുകയാണ് പൂഞ്ഞാര്‍ ചെറുപുഷ്‌പം ആശ്രമ ദേവാലയം. പ്ലാസ്റ്റിക് തോരണങ്ങള്‍ക്ക് പകരം ഡിസൈനര്‍ തുണി കൊണ്ടുള്ള തോരണങ്ങള്‍ കൊണ്ടാണ് പള്ളിയും പ്രദിക്ഷണ വഴികളും അലങ്കരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിന് ബദല്‍ മാര്‍ഗങ്ങള്‍ സാധ്യമാണെന്ന സന്ദേശം പൊതു സമൂഹത്തിന് നല്‍കുകയാണ് പൂഞ്ഞാര്‍ ആശ്രമ ദേവാലയം. പ്ലാസ്റ്റിക് തോരണങ്ങള്‍ക്ക് പകരം പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ബദല്‍ മാര്‍ഗം എന്തെന്ന ആശ്രമ പ്രിയോര്‍ ഫാ. ജെയിംസ് നീണ്ടൂശേരിയുടെ ചിന്തയാണ് തുണിത്തോരണം എന്ന ആശയത്തിലേക്ക് എത്തിച്ചത്.
സെന്റ് ആന്റണീസ് സ്‌കൂള്‍ മാനേജര്‍ കൂടിയായ ഫാ. ജെയിംസിന്‍റെ ആശയം വിദ്യാര്‍ത്ഥികള്‍ കൂടി ചേര്‍ന്നാണ് പൂര്‍ത്തീകരിച്ചത്. തുണി വാങ്ങുന്നതിനായി അല്‍പം തുക ചെലവായെങ്കിലും പുനരുപയോഗം വഴി വരുംവര്‍ഷങ്ങളിലെ ചെലവ് കുറയ്ക്കാനാകുമെന്ന് ഫാ.ജെയിംസ് പറഞ്ഞു. പിടിഎ അംഗങ്ങളും സമീപത്തെ ക്ലാര മഠത്തിലെ സിസ്റ്റേഴും വിദ്യാർഥികള്‍ക്കൊപ്പം തോരണങ്ങള്‍ നിര്‍മിക്കുന്നതില്‍ പങ്കുചേര്‍ന്നു. മണ്ണില്‍ വീണാലും അഴുകി നശിക്കുന്ന തുണി കൊണ്ടുള്ള തോരണം തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമാണ്. ഉപയോഗശൂന്യമായ തുണികള്‍ ഉപയോഗിക്കുന്നതിലൂടെ ചെലവും കുറയ്ക്കാമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പുതുവര്‍ഷത്തില്‍ കേരളം പ്ലാസ്റ്റിക് നിരോധനം നടപ്പാക്കിയപ്പോള്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ബദല്‍ മാർഗം കണ്ടുപിടിച്ചതിന്‍റെ സന്തോഷത്തിലാണ് സെന്റ് ആന്‍റണീസ് സ്‌കൂളും ആശ്രമ ദേവാലയവും.