കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മാങ്ങ മോഷ്‌ടിച്ച കേസിലെ ഒത്തുതീർപ്പ് അപേക്ഷ കോടതി നാളെ (ഒക്‌ടോബര്‍ 20) പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് കോടതി ആവശ്യപ്പെട്ട പൊലീസ് റിപ്പോര്‍ട്ട് ഇന്ന് കാഞ്ഞിരപ്പള്ളി കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഒത്തുതീര്‍പ്പാക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.
കേസ് ഒത്തുതീര്‍പ്പാക്കിയാലത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പൊലീസിന്‍റെ വാദം. കേസില്‍ പ്രതിയായത് പൊലീസുകാരനാണെന്നത് ഏറെ ഗൗരവമായ കാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്‌റ്റംബര്‍ 30നാണ് ഇടുക്കി ക്യു ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ ഷിഹാബ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയരികിലെ കടയില്‍ നിന്ന് മാങ്ങ മോഷ്‌ടിച്ചത്.
സംഭവത്തില്‍ കടയുടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. കടയുടമ കേസ് നല്‍കിയതിനെ തുടര്‍ന്ന് ഷിഹാബ് ഒളിവില്‍ പോയി. സംഭവത്തെ തുടര്‍ന്ന് കേസില്‍ പ്രതിയെ പിടികൂടാതെ പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് എതിര്‍പ്പ് അറിയിച്ച് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.