കോട്ടയം: മാസ്‌കില്ലാത്തതിൻ്റെ പേരിൽ രോഗിയുടെ ഭർത്താവിനെ ഹൈവേ പൊലീസ് മർദ്ദിച്ചതായി പരാതി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ഭാര്യയുടെ ചികിത്സ ആവശ്യത്തിനായി ഗൈനക്കോളജി വിഭഗത്തിൽ എത്തിയ കോട്ടയം പള്ളം സ്വദേശി അജിക്ക് (45) ആണ് മർദ്ദനമേറ്റത്.
Also Read: ആലപ്പുഴ മെഡിക്കല്‍ കോളജിലെ സൂപ്രണ്ടിനെ മാറ്റിയതില്‍ പ്രതിഷേധിച്ച് കെജിഎംസിടിഎ
ബലമായി പൊലീസ് വാഹനത്തിലക്ക് കയറ്റുന്നതിനിടെ ഡോറിനിടയിൽപ്പെട്ട് ഇയാളുടെ കാല് ഒടിഞ്ഞതായും പരാതിയുണ്ട്. ചൊവ്വാഴ്‌ച രാവിലെ 10.30ന് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിന് മുമ്പിലാണ് സംഭവം. ഭാര്യയുടെ ചികിത്സയ്‌ക്ക് എത്തിയ അജി ഗൈനക്കോളജി വിഭാഗം കെട്ടിടത്തിന്‍റെ മുമ്പിലുള്ള ബെഞ്ചിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഭാര്യയുടെ ഫോൺ വന്നതിനെ തുടർന്ന് എഴുന്നേറ്റ് മുഖം കഴുകുന്നതിനിടയിൽ ഹൈവേ പൊലീസ് സ്ഥലത്തെത്തി.
തുടർന്ന് മാസ്‌ക് വെക്കാത്തതിൻ്റെ പേരിൽ പിഴ അടയ്ക്കണമെന്ന് ഹൈവേ പൊലീസ് ആവശ്യപ്പെട്ടു. മാസ്‌ക് ഉണ്ടെന്നും ഉറക്കശേഷം മുഖം കഴുകിയപ്പോൾ മാറ്റിയതാണെന്നും പിന്നെ എന്തിനാണ് പിഴ അടയ്‌ക്കേണ്ടതെന്നും അജി ചോദിച്ചു. ഇതു പറഞ്ഞയുടൻ ക്ഷുഭിതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നിയമം പഠിപ്പിക്കുകയാണോ എന്ന് ചോദിച്ച് അജിയുടെ കഴുത്തിന് പിടിച്ചു. ശേഷം പൊലീസ് വാഹനത്തിലേയ്ക്ക് ബലമായി പിടിച്ച കയറ്റുകയായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷനിലെത്തിച്ച അജിയെ പിന്നീട് പറഞ്ഞു വിടുകയായിരുന്നു. അകാരണമായി തന്നെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകുമെന്ന് അജി പറയുന്നു. അതെ സമയം ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരികയാണെന്നാണ് ഗാന്ധിനഗർ പൊലീസിന്‍റെ പ്രതികരണം.