കോട്ടയം : അറ്റകുറ്റ പണികൾക്കായി ഷോപ്പിൽ എത്തിച്ച മൊബൈൽ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ചു. കോട്ടയം കോഴിച്ചന്ത റോഡിലെ എസ്.എൻ മൊബൈൽ ഷോപ്പില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം. ആറോളം ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥാപനത്തിൽ എത്തി മൊബൈൽ ഫോണിന്‍റെ ബാറ്ററിയ്ക്ക് ചാർജ് നിൽക്കുന്നില്ലെന്ന് പരാതിപ്പെട്ടു.
ഇത് പരിശോധിക്കുന്നതിനായി സ്ഥാപനത്തിലെ ടെക്‌നീഷ്യൻ ബാറ്ററി പുറത്തെടുത്തശേഷം ഫോൺ പരിശോധിച്ചു. ഇതിനിടെ ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാൾ ബാറ്ററിയുടെ വീർത്ത ഭാഗത്ത് അമർത്തി. ഇതോടെ വൻ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
ALSO READ: മെഡിക്കല്‍ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഇതോടൊപ്പം തീയും പടർന്നു. സ്ഥാപനത്തിലെ ജീവനക്കാരന്‍റെ തലമുടിയിലേയ്ക്ക് തീ പടർന്നു. ഷോപ്പിനുള്ളിലുണ്ടായിരുന്നവർ പുറത്തേയ്ക്ക് ചിതറിയോടിയതിനാൽ ആളപായമുണ്ടായില്ല.