കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഗൈനക്കോളജി വിഭാഗം പിജി ഡോക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി ജോലി ചെയ്യിപ്പിക്കല്‍, മാനസിക പീഡനം, അവധി നിരാകരിക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് ആത്മഹത്യാ ശ്രമമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച രാവിലെ ഗൈനക്കോളജി വിഭാഗത്തിലെ ബാത്ത്റൂമിലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അമിതമായി ഗുളിക കഴിച്ചശേഷം കൈ ഞരമ്പ് മുറിക്കുകയായിരുന്നു. ബാത്ത്റൂമിന്റെ കതക് തുറക്കാതായതോടെ വാതിൽ തകർത്താണ് പിജി ഡോക്ടറെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പിജി ഡോക്ടര്‍ ആത്മഹത്യാശ്രമം നടത്തിയതിന് കാരണക്കാരനായ വകുപ്പ് മേധാവിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പിജി അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. പിജി ഡോക്ടർമാർക്കെതിരായ പീഡനങ്ങളും അമിത ജോലിഭാരവും ഒഴിവാക്കണമെന്നും പിജി അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.