കോട്ടയം : യുഡിഎഫ് സർക്കാരിന്‍റെ ഭരണകാലത്ത് സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം ഒഴിവാക്കി കേരളത്തിലെ ജനങ്ങൾക്ക് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറച്ച് നൽകിയത് എൽഡിഎഫ് സർക്കാർ വിസ്മരിച്ചെന്ന് യുഡിഎഫ് ജില്ല ചെയർമാനും കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്‍റുമായ സജി മഞ്ഞക്കടമ്പിൽ.
അടിക്കടിയുള്ള പെട്രോൾ, ഡീസൽ വിലവർധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും മൂലം സാധാരണക്കാർ അത്മഹത്യയുടെ വക്കിലാണ്. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന ധൂർത്ത് ഒഴിവാക്കി പെട്രോൾ, ഡീസൽ വില കുറക്കാനുള്ള അത്മാർഥത സർക്കാരുകൾ കാട്ടണം.
Also Read: ഇന്ധനവില വർധന നിർമാണമേഖലയെ ബാധിച്ചതായി മന്ത്രി വി.ശിവൻകുട്ടി
പെട്രോൾ, ഡീസൽ വില വർധനവ് പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേരള യൂത്ത് ഫ്രണ്ട് കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നും ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് സംഘടിപ്പിച്ച ഉന്തുവണ്ടി യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് കോട്ടയം ജില്ല പ്രസിഡന്‍റ് ഷിജു പാറയിടുക്കിലിന്‍റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരത്തിൽ അഭിലാഷ് കൊച്ചു പറമ്പിൽ, ഷിനു പാലത്തുങ്കൽ, അനീഷ് കൊക്കര, അബ്ദുൾ റസാഖ്, മുഹമ്മദ് ആരിഫ് തുടങ്ങിയവർ പങ്കെടുത്തു.