കോട്ടയം: വൈക്കത്ത് മദ്യലഹരിയിൽ ഭാര്യയും മക്കളുമായി കലഹിച്ച ഗൃഹനാഥൻ രാത്രി വീടിനു തീയിട്ടു. വീട്ടമ്മയും മൂന്നു മക്കളും അയൽ വീട്ടിലായിരുന്നതിനാൽ വൻ ദുരന്തമൊഴിവായി. കത്തിയമർന്ന വീട്ടിലെ ഒരു മുറിയിൽ പുകയും ചൂടുമേറ്റ് അവശനിലയിൽ കണ്ടെത്തിയ ഗൃഹനാഥനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈക്കം മറവൻതുരുത്ത് പഞ്ഞിപ്പാലത്ത് നാരായണഭവനിൽ രാജീവാണ് മദ്യ ലഹരിയിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെ വീടിന് തീയിട്ടത്. ഭാര്യ സ്‌മിത, മക്കളായ രണ്ടാം വർഷബിരുദ വിദ്യാർഥിയായ ഐശ്വര്യ, പ്ലസ് വൺ വിദ്യാർഥിനി അശ്വനി, എട്ടു വയസുകാരൻ അർജുൻ എന്നിവർ സംഭവ സമയത്ത് അയൽവീട്ടിലായതിനാൽ ആളപായമുണ്ടായില്ല. മദ്യപിച്ചെത്തി ചൊവ്വാഴ്‌ച രാവിലെ മുതൽ രാജീവ് ഭാര്യയും മക്കളുമായി കലഹിക്കുകയായിരുന്നു.
ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ഇയാൾ ഭീഷണി മുഴക്കിയതിനാൽ സ്‌മിതയേയും മക്കളെയും അയൽക്കാർ രാത്രി തന്നെ തങ്ങളുടെ വീട്ടിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യം അറിയാതെ വീണ്ടും മദ്യപിച്ചെത്തിയ രാജീവ്, ഭാര്യയും മക്കളും കിടക്കുന്ന മുറിയിൽ പുലർച്ചെ തീയിട്ടശേഷം മറ്റൊരു മുറിയിൽ കിടന്നുറങ്ങി. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപവാസികൾ ഓടിയെത്തി വീടിന്‍റെ ജനൽ ചില്ല് തകർത്ത് നോക്കിയപ്പോൾ രാജീവ്, കത്തിക്കൊണ്ടിരിക്കുന്ന മുറിയിലെ കട്ടിലിൽ ബോധരഹിതനായി കിടക്കുന്നത് കണ്ടു.
വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച രാജീവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടും ആസ്‌ബറ്റോസ് ഷീറ്റും മേഞ്ഞ വീട് പൂർണമായി കത്തി നശിച്ചു. കുടുംബാംഗങ്ങളുടെ വസ്‌ത്രങ്ങൾ, കുട്ടികളുടെ പുസ്‌തകങ്ങൾ, സർട്ടിഫിക്കറ്റുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ കത്തി നശിച്ചു.
രക്ഷാപ്രവർത്തനത്തിലേർപ്പെട്ട പ്രദേശവാസികളായ സുനിൽ, മനോജ്, പ്രസന്നൻ എന്നിവർക്ക് നിസാര പരിക്കേറ്റു. സീനിയർ ഫയർ ഓഫിസർ എൻ.സി അനിൽരാജിന്‍റെ നേതൃത്വത്തിൽ വൈക്കത്ത് നിന്നെത്തിയ രണ്ടു യൂണിറ്റ് ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം നടത്തി. ഏതാനും വർഷങ്ങൾ വിദേശത്ത് ജോലി ചെയ്‌തിരുന്ന രാജീവ് പിന്നീട് നാട്ടിലെത്തി പെയിന്‍റിങ് ജോലിയിലേർപ്പെട്ടു.
മദ്യാസക്തിയുള്ള ഇയാൾ കുടുംബത്തിലെ കാര്യങ്ങൾ നോക്കാറില്ലെന്നും ഭാര്യ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്‌ത് ലഭിക്കുന്ന വരുമാനം കൊണ്ടാണ് വീട്ടു ചെലവും കുട്ടികളുടെ പഠനവും നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.