കോട്ടയം: പ്രകൃതിക്ഷോഭം നൽകിയ ആഘാതത്തിൽ നിന്ന് ഇനിയും മോചിതരാകാതെ കിഴക്കൻ മേഖലയിലെ ദുരിത ബാധിതർ. കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ പേമാരിയിലും ഉരുൾപ്പൊട്ടലിലും വെള്ളപൊക്കത്തിലും ഉറ്റവർ നഷ്ടപ്പെട്ടതിന്‍റെ വേദനയിലാണ് ഇവർ.
കൂട്ടിക്കൽ, കാഞ്ഞിരപ്പള്ളി, മണിമല തുടങ്ങിയ മേഖലകളിലാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. അവയിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്‌തത് കൂട്ടിക്കലിൽ നടന്ന ഉരുൾപ്പൊട്ടലിലാണ്. മലവെള്ളം ഒഴുകിയെത്തി വീടുകൾ പൂർണമായും തകർത്തു. വീടിന്‍റെ സ്ഥാനത്ത് ഒന്നുമില്ലാതായി.
ഒന്നും അവശേഷിക്കാതെ എല്ലാം വെള്ളത്തിൽ ഒലിച്ചു പോയി. കൂട്ടിക്കൽ ടൗണിലും മണിമലയിലും കുറവാ മൂഴിയിലും നിരവധി പേർക്കാണ് വീട് നഷ്‌ടപ്പെട്ടത്. ഒരായുസ് മുഴുവൻ സമ്പാദിച്ചതെല്ലാം പ്രളയം തകർത്തെറിഞ്ഞു. ഇനി എങ്ങനെ ഒരു വാസസ്ഥലം കെട്ടിപ്പടുക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
ALSO READ: മുന്നറിയിപ്പ്..! സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
പുഴയോട് ചേർന്നിരുന്ന വീടുകളാണ് പൂർണമായി ഒഴുകിപ്പോയത്. രണ്ടാൾ പൊക്കത്തിൽ മലവെള്ളം ഒഴുകിയെത്തിയപ്പോൾ ജീവൻ മാത്രം തിരിച്ചു കിട്ടി. ഇത്രനാളും സ്വന്തമാക്കിയതൊന്നും ചേർത്തുപിടിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. പ്രളയ മേഖലകളിൽ ഏകദേശം 600 വീടുകളും നിരവധി കടകളും നശിച്ചു. മുണ്ടക്കയം പഞ്ചായത്തിലെ 21 വാർഡുകളിലെ ആയിരത്തോളം പേർ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്.
വിവിധ പഞ്ചായത്തുകളിൽ തകർന്നതും വാസയോഗ്യമല്ലാത്തതുമായി വീടുകൾ ഇനിയും തിട്ടപ്പെടുത്താനുണ്ട്.
മുണ്ടക്കയം പഞ്ചായത്തിൽ മാത്രം നൂറിലേറെ വീടുകൾ പൂർണമായി തകർന്നിട്ടുണ്ട്. ഇനി സർക്കാർ സഹായം ലഭ്യമായാലേ വീട് നിർമിക്കാനാകൂ എന്നാണ് ദുരിതബാധിതർ പറയുന്നത്. ഇത്രയും കുടുംബങ്ങളെ എങ്ങനെ പുനരധിവസിപ്പിക്കും എന്നതും വെല്ലുവിളിയാണ്.