കോട്ടയം:യു.ഡി.എഫ് പാലാ ഉപതെരഞ്ഞെടുപ്പില്‍ തകർന്നടിയുമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. എന്‍.ഡി.എയുടെ ഗൃഹസന്ദർശന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണ രംഗത്ത് എന്‍.ഡി.എ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു. പഞ്ചായത്തടിസ്ഥാനത്തിൽ നേതാക്കൾ തന്നെ വീടുകളിലെത്തി വോട്ടഭ്യർഥിക്കുകയാണ്. തലപ്പലം പഞ്ചായത്തില്‍ പി.സി. ജോര്‍ജ് എം.എല്‍.എയുടെ നേതൃത്വത്തിലായിരുന്നു ഭവന സന്ദർശനത്തിന് തുടക്കമായത്.
മുതിർന്ന നേതാവായ പി.ജെ.ജോസഫിനെ അപമാനിക്കുകയാണ് ജോസ്.കെ.മാണി ചെയ്തതെന്ന് പി.സി ജോർജ് പറഞ്ഞു. യുഡിഎഫ് മത്സര ചിത്രത്തില്‍ ഇല്ല. എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലാണ് പാലായിൽ മത്സരം. ഇത്തവണ എന്‍.ഡി.എക്ക് വിജയം ഉറപ്പാണെന്നും ജോർജ് കൂട്ടിച്ചേർത്തു. മോദി സർക്കാരിന്‍റെ ജനകീയ പദ്ധതികളുടെ പ്രതിഫലനം ഉണ്ടാകുമെന്നും കേന്ദ്ര പദ്ധതികൾക്ക് പിണറായി സർക്കാർ തടസം നിൽക്കുകയാണെന്നും പി.സി ജോർജ് എം.എല്‍.എ പറഞ്ഞു. തലപ്പലം പഞ്ചായത്തംഗം മേരി മോള്‍ മൈക്കിൾ, ബി.ജെ.പി നേതാക്കളായ സോമശേഖരൻ തച്ചേട്ട്, ബിനീഷ് ചൂണ്ടച്ചേരി എന്നിവരും ഭവനസന്ദര്‍ശനത്തില്‍ പങ്കെടുത്തു.