കോട്ടയം: ഭൂപരിഷ്‌കരണ നിയമത്തില്‍ കാലോചിതമായ പരിഷ്‌കരണം അനിവാര്യമാണെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. സാധാരണക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും സഹായകരമായ രീതിയില്‍ പതിറ്റാണ്ടുകള്‍ പിന്നിട്ട നിയമം പരിഷ്‌കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഈരാറ്റുപേട്ടയില്‍ ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം പോലുള്ള ചെറിയ സംസ്ഥാനത്ത് കൂടുതല്‍ വീടുകള്‍ നിര്‍മിക്കാനുള്ള സ്ഥലപരിമിതി പ്രശ്‌നമാണ്. ചെറിയ സ്ഥലത്ത് ഒരു വീട് നിര്‍മിക്കുന്നതിന് പകരം ഫ്ലാറ്റ് രീതിയില്‍ നിരവധി കുടുംബങ്ങളെ പരിമിതമായ സ്ഥലത്ത് ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കണം. കാലം മാറിയ സാഹചര്യത്തില്‍ കാലഹരണപ്പെട്ട ഭൂപരിഷ്‌കരണ നിയമത്തെ പൊളിച്ചെഴുതണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആകെ 504 വീടുകളാണ് ലൈഫ് പദ്ധതിക്ക് കീഴില്‍ ബ്ലോക്ക് പരിധിയില്‍ നിര്‍മിച്ചിരിക്കുന്നത്. 141 വീടുകള്‍ നിര്‍മിച്ച് തിടനാട് പഞ്ചായത്താണ് മുന്നില്‍. അരുവിത്തുറ സെന്‍റ് ജോര്‍ജ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ മാണി സി.കാപ്പന്‍ എംഎല്‍എ, ആന്‍റോ ആന്റണി എംപി, തോമസ് ചാഴിക്കാടന്‍ എംപി തുടങ്ങിയവര്‍ പങ്കെടുത്തു.