കോട്ടയം: ഈരാറ്റുപേട്ട- പൂഞ്ഞാര്‍ റോഡില്‍ മറ്റയ്ക്കാടിന് സമീപം നിര്‍മാണം ആരംഭിച്ച ഫയര്‍ഫോഴ്‌സ് ഓഫീസ് മന്ദിരത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പി.സി ജോര്‍ജ് എംഎല്‍എ വിലയിരുത്തി. 85 ലക്ഷത്തോളം രൂപ എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ചുകഴിഞ്ഞതായും ഒൻപത് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.
താഴ്ന്ന് കിടന്ന പ്രദേശം ഉയര്‍ത്തുന്നതിനായി വലിയ കരിങ്കല്‍കെട്ടാണ് പൂര്‍ത്തിയാക്കിയത്. ഇറിഗേഷന്‍വകുപ്പ് 15 ലക്ഷംരൂപയുടെ നിര്‍മാണമാണ് ഇതിനായി നടത്തിയത്. ഈരാറ്റുപേട്ട- പൂഞ്ഞാര്‍ റോഡ് ബിഎംബിസി വികസനത്തിന്റെ ഭാഗമായി മറ്റയ്ക്കാട് ഭാഗത്ത് കയറ്റം കുറയ്ക്കുന്നതിനെടുത്ത മണ്ണാണ് ഇവിടെ ഫില്ലിംഗിനായി ഉപയോഗിച്ചത്. 20 വര്‍ഷത്തോളമായി വാടകക്കെട്ടിടത്തില്‍ കഴിയുന്ന ഫയര്‍സ്റ്റേഷന് സ്വന്തമായി കെട്ടിടമെന്ന നിരന്തര മുറവിളിയെ തുടര്‍ന്നാണ് കെട്ടിടനിര്‍മാണത്തിന് നടപടിയായത്. എംഎല്‍എ ആസ്തിവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയാണ് അനുവദിച്ചത്. മറ്റയ്ക്കാടിന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുണ്ടായിരുന്ന 42.5 സെന്‍റ് സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്.
1988 ലാണ് ഈരാറ്റുപേട്ടയില്‍ ഫയര്‍സ്റ്റേഷന്‍ ആരംഭിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍, അഡീഷണല്‍ ഓഫീസര്‍, അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍, ഫയര്‍മാന്‍മാര്‍, ഡ്രൈവര്‍മാര്‍, മെക്കാനിക്, എന്നിങ്ങനെ 40 ഓളം ജീവനക്കാരാണ് ഈരാറ്റുപേട്ട ഫയര്‍ സ്റ്റേഷനിലുള്ളത്.