കോട്ടയം: ഈരാറ്റുപേട്ട നഗരസഭാതല ലൈഫ് കുടുംബസംഗമത്തില്‍ പങ്കെടുപ്പിക്കാത്തതില്‍ വിമർശനവുമായി പിസി ജോർജ് എം.എല്‍.എ. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് നഗരസഭ ഭരിക്കേണ്ടതെന്നും തോന്നിയപടി പോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രിവിലേജ് പ്രകാരം പ്രോട്ടോക്കോള്‍ ലംഘനത്തിനെതിരെ മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
നഗരസഭയുടെ പരിപാടികളില്‍ ചെയര്‍മാനും മുസ്ലീം ലീഗും മാത്രം മതി എന്ന നിലയിലാണ് കാര്യങ്ങളെന്നും മുസ്‌ലിമല്ലാത്ത ആരും പാടില്ലെന്ന നിലപാട് ശരിയല്ലെന്നും പിസി ജോര്‍ജ് ആരോപിച്ചു. പൗരത്വനിയമത്തിനെതിരെ നിയമസഭയില്‍ ഏറ്റവുമധികം ശബ്ദമുയര്‍ത്തിയത് താനാണ്. ജസ്റ്റിസ് കെമാല്‍പാഷയെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കാനിരുന്ന വലിയ പരിപാടിക്ക് തടയിട്ടതും ഈരാറ്റുപേട്ടയിലെ ചിലരാണ്. തെക്കേക്കരയില്‍ പി.സി ജോര്‍ജ്ജ് കാരണമാണ് ലീഗ് വളരാത്തതെന്നാണ് ആക്ഷേപം. തനിക്ക് നാടുവിട്ടുപോകാനാകില്ലെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
ചൊവ്വാഴ്‌ച നടന്ന കുടുംബസംഗമത്തില്‍ കൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്ന് എം.എല്‍.എയെ പങ്കെടുപ്പിക്കാതെ നഗരസഭാ ചെയര്‍മാനാണ് ഉദ്ഘാടകനായത്.