കോട്ടയം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പിസി ജോർജിന്‍റെ വീട്ടിൽ ക്രൈം ബ്രാഞ്ച് നടത്തിയ റെയ്‌ഡ് അവസാനിച്ചു. മൂന്ന് മൊബൈൽ ഫോണുകളും 5 മെമ്മറി കാർഡുകളും 2 ടാബും കസ്‌റ്റഡിയിൽ എടുത്തതായി കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി അറിയിച്ചു. കേസിലെ പ്രതിയായ ദിലീപിനെ കുടുക്കാൻ ഗുഢാലോചന നടക്കുന്നുവെന്ന് വരുത്തി തീർക്കാൻ വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ പിസി ജോർജിന്‍റെ മകൻ ഷോൺ ജോർജ് സ്‌ക്രീൻഷോട്ട് ഇട്ടുവെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.
സ്‌ക്രീൻഷോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച ഫോൺ ഇതിലുണ്ടോ എന്ന് പരിശോധിക്കും. ദിലീപുമായി വ്യക്തിപരമായ അടുത്ത ബന്ധമുണ്ട്, എന്നാൽ സഹോദരൻ അനൂപുമായി വലിയ പരിചയമില്ല, ദിലീപ് തെറ്റ് ചെയ്‌തിട്ടില്ലെന്ന ഉറച്ച വിശ്വാസം ഉണ്ട് എന്നും ധാരാളം സൗഹൃദ ചാറ്റുകൾ ഉണ്ടായിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്‌തു വ്യാജ വാട്‌സ്‌ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കാൻ മണ്ടനല്ല താനെന്നും, അഭിഭാഷകനായ തനിക്ക് ഇക്കാര്യങ്ങിൽ നല്ല ബോധ്യമുണ്ട് എന്നും ഷോൺ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ പിണറായിക്കെതിരായ പിസി ജോർജിന്‍റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് പൊലീസ് പിന്തുടർന്ന് ഉപദ്രവിക്കുന്നതെന്നും ഷോൺ പറഞ്ഞു. ഫോൺ അല്ലാതെ മറ്റ് രേഖകൾ പരിശോധിക്കാനും പൊലീസ് ശ്രമിച്ചുവെന്നും ഷോൺ പറഞ്ഞു.