കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ തയ്യാറെടുത്ത് പി.സി ജോർജും കേരളാ ജനപക്ഷ മുന്നണിയും. മുന്നണികളുമായി സഹകരിക്കേണ്ടതില്ലന്നാണ് നിലവിലെ പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം കോട്ടയത്തു ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായം ക്രോഡീകരിച്ചാണ് ജനപക്ഷ മുന്നണി, മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ താത്കാലികമായി അവസാനിപ്പിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നണി പ്രവേശനം സംബന്ധിച്ച ചർച്ചകൾ സജീവമാക്കിയിരിക്കുകയാണെന്ന് പി.സി ജോർജ് പറഞ്ഞു. യു.ഡി.എഫ് ലക്ഷ്യം വച്ച് രമേശ് ചെന്നിത്തല വഴി ചർച്ചകൾ പുരോഗമിച്ചെങ്കിലും അവസാന നിമിഷത്തിൽ പുതിയ ഘടക കക്ഷികളെ യു.ഡി.എഫ് ലേക്ക് എടുക്കേണ്ടതില്ലെന്ന നിലപാട് നേതൃത്വം സ്വീകരിച്ചതോടെ ആ പ്രതീക്ഷകളും അസ്തമിച്ചു. ഒരുമിച്ച് പോകാം എന്ന് പറഞ്ഞ് കെട്ടിപ്പിടച്ചവർ അവസാനം കമ്മിറ്റി കൂടിയപ്പോൾ തങ്ങളെ വേണ്ടന്ന് പറഞ്ഞെന്നും പി.സി ജോർജ് കോട്ടയത്ത് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രദേശിക തലത്തിൽ ആരുമായും നീക്കുപോക്കാവാം. വിജയമുറപ്പുള്ള പ്രദേശങ്ങളിൽ മാത്രമാകും ജനപക്ഷത്തിന് സ്ഥാനാർഥികൾ ഉണ്ടാവുക. ജനപക്ഷം സ്ഥാനാർഥികൾ ഇല്ലാത്ത പ്രദേശങ്ങളിൽ പ്രവർത്തകർക്ക് യുക്തിപരമായ തീരുമാനമെടുക്കാമെന്നും അദേഹം കൂട്ടിച്ചേർത്തു. മുന്നണി പ്രവേശനനം കീറമുട്ടിയായ കേരളാ ജനപക്ഷ മുന്നണി ശക്തികേന്ദ്രങ്ങളിൽ വിജയം ഉറപ്പാക്കേണ്ടതുണ്ട്.