കോട്ടയം: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. 67 കോടി രൂപ മുതല്‍മുടക്കില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡ് ഇന്‍ഫ്രാസ്ട്രക്‌ചര്‍ ഡെവലപ്മെന്‍റ് കമ്പനി നിര്‍മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ റോഡായ വാഗമണ്‍ റോഡ് പല ഘട്ടങ്ങളിലായി ടെന്‍ഡര്‍ ചെയ്യണമെന്ന ആവശ്യവുമായി ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ പൊതു മരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയതിനെതിരെയാണ് പി.സി. ജോര്‍ജിന്‍റെ പ്രതികരണം.
വിഭജിച്ച് ടെന്‍ഡര്‍ ചെയ്താല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയില്ലെന്ന് എംഎല്‍എ പറഞ്ഞു. ഈരാറ്റുപേട്ട മുതല്‍ തീക്കോയി വരെ ഒന്നാംഘട്ടം ചെയ്യണമെന്ന നഗരസഭാ ചെയര്‍മാൻ വി.എം സിറാജിന്‍റെ ആവശ്യം നിര്‍മാണം തടസപ്പെടുത്താനുള്ള നീക്കമാണെന്ന് എംഎല്‍എ ആരോപിച്ചു. ഈരാറ്റുപേട്ട നഗരസഭയില്‍ എംഎല്‍എ ഫണ്ടും സര്‍ക്കാര്‍ ഫണ്ടും ഉള്‍പ്പെടെ കോടിക്കണക്കിനു രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും വികസനമില്ലെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയവിരോധം വികസനത്തില്‍ കാണിക്കരുതെന്നും പി.സി. ജോര്‍ജ് എംഎല്‍എ പറഞ്ഞു.