കോട്ടയം: പേപ്പർ കട്ടിങ് ആർട്ട് വെറുമൊരു കട്ടിംഗ് മാത്രം അല്ലെന്ന് തെളിയിക്കുകയാണ് കോട്ടയത്തെ യുവ എഞ്ചിനീയർ. കോട്ടയം സ്വദേശിനിയായ നീനു കുര്യൻ പേപ്പറിൽ വെട്ടിയെടുക്കുന്ന ചിത്രങ്ങൾ ഒറ്റ നോട്ടത്തിൽ നോക്കിയാൽ വരച്ചെടുത്തണോ എന്ന് തോന്നിപ്പോകും. നവ മാധ്യമത്തിൽ കണ്ട ഒരു പേപ്പർ ശിൽപ്പം തനിയെ നിർമ്മിച്ച് നോക്കാനുള്ള ശ്രമമാണ് നീനുവിനെ ഈ വ്യത്യസ്‌ത വഴിയിലെത്തിച്ചത്. പിന്നിട് ഒരു ചലഞ്ചായ് ഏറ്റെടുത്ത് പേപ്പർ കട്ടിങിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടെങ്കിലും, അടിയറവ് പറയാതെയുള്ള പരിശ്രമം അവസാനം വിജയത്തിലെത്തുകയായിരുന്നു. ഇന്ന് ലൈറ്റ്, കർട്ടൻ, മൊമന്‍റോ, പ്രതിരൂപങ്ങൾ എന്നിങ്ങനെ നീനു വെട്ടിയെടുത്ത പേപ്പർ കിട്ടിംഗ് വസ്‌തുക്കളുടെ നീണ്ട നിരതന്നെയുണ്ട് .
കൊവിഡ് കാലത്ത് അക്ഷീണ പ്രയ്‌തനം നടത്തുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള ആദരവാണ് നീനുവിന്‍റെ പേപ്പറിൽ കട്ടിങിലുളള മലാഖമാരുടെ ചിറക്. ഇതിനിടെ മെബൈൽ ഫോൺ കവർ, സൈക്കിൾ തുടങ്ങിയവയിലും നീനു പേപ്പർ കട്ടിങ്സ് ഉപയോഗിച്ച് ചില പരീക്ഷണങ്ങൾ നടത്തി. ആവശ്യക്കാർക്ക് പേപ്പർ കട്ടിംഗ് കൊണ്ടുളള ചിത്രങ്ങൾ ചെയ്യ്തു കൊടുക്കുന്നുണ്ട് ഈ കലാകാരി. കൂടാതെ ഡൂഡിൾ ആർട്ട്, ഒറിഗാമി, കാലിഗ്രാഫ് എന്നിവയും തനിക്ക് വഴങ്ങുമെന്നും നീനു ആൻ കുര്യൻ തെളിയിച്ച് കഴിഞ്ഞു. തന്‍റെ ഇൻസ്‌റ്റാഗ്രാം പേജിലുടെയാണ് നീനുവിന്‍റെ കലാസൃഷ്ട്ടികളുടെ പ്രദർശനം. യേശുക്രിസ്‌തുവിന്‍റെ ജീവിതകഥ പേപ്പർ കട്ടിങ്സിൽ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് നീനു.