കോട്ടയം: പാലാ നഗരസഭാ സിന്തറ്റിക് സ്റ്റേഡിയത്തിന്‍റെ പേരുമാറ്റാനുള്ള നീക്കം വിവാദത്തിലേക്ക് നീങ്ങുന്നു. കെ എം മാണിയുടെ പേര് നല്‍കാനുള്ള നീക്കത്തിന് 93000 രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞു. മുനിസിപ്പല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറിയാന്‍ ജെ കാപ്പന്‍ മെമ്മോറിയല്‍ ഐടിസി നിര്‍ത്തലാക്കിയപ്പോള്‍ കൗണ്‍സില്‍ സ്‌റ്റേഡിയത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കാന്‍ തീരുമാനിച്ചിരുന്നു. കെ എം മാണിയാണ് പേര് നല്‍കി, സ്റ്റേഡിയം തുറന്നുകൊടുത്തത്. സിന്തറ്റിക് ട്രാക്ക് നിര്‍മ്മിച്ചതിന് പിന്നാലെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയമെന്ന് പേര് നല്‍കാനും പ്രധാനകവാടം തുറക്കാതിരിക്കാനുമുള്ള നീക്കം നടന്നിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് അവസാനിപ്പിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് സ്റ്റേഡിയം കോംപ്ലക്‌സില്‍ കെ എം മാണി മെമ്മോറിയല്‍ സിന്തറ്റിക് ട്രാക്ക് എന്ന ബോര്‍ഡ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്. ആഗസ്റ്റ് മൂന്നിന് നടക്കുന്ന കൗണ്‍സില്‍ അജന്‍ഡയില്‍ ഇത് കൗണ്‍സില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കാനായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 92,900 രൂപയാണ് എസ്റ്റിമേറ്റ് തുകയായി ചേര്‍ത്തിരിക്കുന്നത്. ബോര്‍ഡ് സ്ഥാപിക്കാന്‍ കൗണ്സിലിന്റെയും സ്റ്റേഡിയം കമ്മിറ്റിയുടെയും നിര്‍ദേശമുണ്ടെന്ന് അജന്‍ഡയില്‍ ചേര്‍ത്തിരിക്കുന്നത് തെറ്റാണെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി ആരോപിച്ചു. ചെറിയാന്‍ ജെ കാപ്പന്റെ പേരിലുള്ള സ്റ്റേഡിയത്തില്‍ കെ എം മാണി മെമ്മോറിയല്‍ ട്രാക്ക് എന്ന് നാമകരണം ചെയ്യുന്നത് മാണിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും നേതാക്കള്‍ പറഞ്ഞു. ഈ പേരുമാറ്റം അനുവദിക്കാനാവില്ല. നീക്കവുമായി മുന്നോട്ടുപോയാല്‍ സമാനചിന്താഗതിക്കാരായ കൗണ്‍സിലര്‍മാരെ ഒരുമിപ്പിച്ച് പ്രത്യക്ഷസമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.