കോട്ടയം: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് കൂടിയായ കോൺഗ്രസ് വിമത ഷൈനി സന്തോഷ്, എൽ.ഡി.എഫിന്‍റെയും സ്വതന്ത്ര മെമ്പർമാരുടെയും പിന്തുണയോടെ വീണ്ടും പാലാ രാമപുരം പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ ഷൈനിക്ക് 8 വോട്ടും, എതിർ സ്ഥാനാർഥി യു.ഡി.എഫിലെ ലിസമ്മ മത്തച്ചന് 7 വോട്ടും ലഭിച്ചു.
ഇവിടെ കേരള കോൺഗ്രസ് (എം)ന് അഞ്ച് അംഗങ്ങളും, രണ്ട് സ്വതന്ത്ര അംഗങ്ങളും, യു.ഡി.എഫിൽ കോൺഗ്രസിന് ആറ് അംഗങ്ങളും, കേരള കോൺഗ്രസ് ജോസഫ് അനുഭാവികളായി രണ്ടു പേരും, ബി.ജെ.പിക്ക് മൂന്ന് അംഗങ്ങളുമാണ് ഉള്ളത്. രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഷൈനി തെരഞ്ഞെടുക്കപ്പെട്ടത്.
ആദ്യഘട്ടത്തിലും ഷൈനിക്ക് 8 വോട്ട് ലഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ കുറഞ്ഞ വോട്ട് (3) കിട്ടിയ ബി.ജെ.പി രണ്ടാം ഘട്ടത്തിൽ ഉണ്ടായില്ല. യു.ഡി.എഫിലെ സമ്മർദത്തെ തുടർന്നാണ് പ്രസിഡന്‍റായിരുന്ന ഷൈനി രാജി വച്ചത്.
നാലാം തവണയാണ് ഷൈനി രാമപുരം പഞ്ചായത്ത് പ്രസിഡന്‍റാകുന്നത്. പ്രസിഡന്‍റായിരുന്ന ഷൈനിക്ക് യു.ഡി.എഫ് അംഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നില്ലെന്ന് രാജിവച്ച ഉടൻ പരസ്യമായി മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. മുൻ കാലത്ത് പദ്ധതി വിഹിതം ചിലവഴിക്കുന്നതിൽ മുന്നിട്ടു നിന്നിരുന്ന പഞ്ചായത്ത് കഴിഞ്ഞ തവണ വളരെ പിന്നിലായ സാഹചര്യത്തിൽ എൽ.ഡി.എഫ് സമരം നടത്തിവരുകയായിരുന്നു. ഇനിയും പിന്നോട്ട് നയിക്കുവാൻ അനുവദിക്കുകയില്ലെന്ന് എൽ.ഡി.എഫ് പ്രഖ്യാപിച്ചു. മധുരം വിളമ്പി എൽ.ഡി.എഫ് വിജയം ആഘോഷിച്ചു.