കോട്ടയം: പാലാ നഗരസഭ അടിയന്തിര കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാഗ്വാദവും ബഹളവും. ജനറല്‍ ആശുപത്രിക്ക് കെഎം മാണിയുടെ പേര് നല്‍കാനുള്ള നീക്കവും അത് മാറ്റി കെഎം ചാണ്ടിയുടെ പേര് നൽകാനുള്ള വികസന സമിതി തീരുമാനവും ചര്‍ച്ചചെയ്യാനാണ് ജോസ് വിഭാഗം കൗണ്‍സിലര്‍മാരുടെ ആവശ്യത്തെ തുടര്‍ന്ന് യോഗം വിളിച്ചത്.
യോഗത്തിലെത്തിയ ഇടത് അംഗങ്ങളും ബിജെപി അംഗവും ചര്‍ച്ചയില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. പരസ്പരം ചെളി വാരിയെറിയലാണ് നടക്കുന്നതെന്നും സമവായത്തിലെത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചത്. കെഎം മാണിയുടെ പേര് ഒഴിവാക്കാനുള്ള നീക്കത്തിന് ചരടുവലിച്ച കുര്യാക്കോസ് പടവന്‍ മാപ്പ് പറയണമെന്ന ഫ്‌ളക്‌സ് ബോര്‍ഡ് ചില കൗണ്‍സിലര്‍മാര്‍ ഉയര്‍ത്തി. ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിയോഗം വിളിച്ചതും അജന്‍ഡ തയാറാക്കിയതും കുര്യാക്കോസ് പടവനാണെന്നാണ് ജോസ് പക്ഷത്തിന്റെ ആരോപണം.
ആശുപത്രി സൂപ്രണ്ടും യോഗത്തില്‍ പങ്കെടുത്തിരുന്നു. എംഎല്‍എയുടെ സമയം അനുസരിച്ചാണ് യോഗം വിളിച്ചതെന്ന് സൂപ്രണ്ട് വ്യക്തമാക്കി. തിരുത്തല്‍ വരുത്തിയെന്ന് കാട്ടി മിനുട്‌സ് ബുക്ക് ഇതേസമയം കുര്യാക്കോസ് പടവന്‍ യോഗത്തില്‍ ഉയര്‍ത്തിക്കാട്ടി. എച്ച്എംസിയ്ക്ക് മുകളിലാണ് കൗണ്‍സിലിന്റെ അധികാരം എന്നിരിക്കെ ഇത്തരമൊരു യോഗം വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെട്ടത് കെഎം മാണിയെ അപമാനിക്കാനാണെന്നും ആക്ടിംഗ് ചെയര്‍മാനായ തന്നെ അവഹേളിക്കുന്നതിനാണെന്നും കുര്യാക്കോസ് പടവന്‍ പറഞ്ഞു.