കോട്ടയം: പാലാ അരുണാപുരം മരിയന്‍ ആശുപത്രിക്ക് സമീപം ബൈപ്പാസില്‍ യുവതിയെ ഇടിച്ചു വീഴ്ത്തിയ കാര്‍ പാലാ പൊലീസ് കണ്ടെത്തി. ഈരാറ്റുപേട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരനും റിട്ടയേര്‍ഡ് ഹവില്‍ദാറുമായ പൂഞ്ഞാര്‍ പനച്ചിപ്പാറ പുല്ലാട്ട് നോര്‍ബര്‍ട്ട് ജോര്‍ജിന്‍റെ കാറാണ് യുവതിയെ ഇടിച്ചത് എന്നാണ് പൊലീസ് കണ്ടെത്തിയത്. പാലാ സി.ഐ. കെ.പി ടോംസന്‍റെ നേതൃത്വത്തില്‍ നോര്‍ബര്‍ട്ട് ജോര്‍ജിനെ കസ്റ്റഡിയിലെടുത്തു. കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കല്ലറ ആയാംകുടി സ്വദേശി സ്നേഹ ഓമനക്കുട്ടനെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. യുവതി തെറിച്ച് നിലത്ത് വീണത് കണ്ടിട്ടും കാര്‍ നിര്‍ത്താതെ അമിത വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു. ഇന്നലെ (17.01.2023) ഉച്ചയ്ക്ക് 12.50 ഓടെ പാലാ ബൈപ്പാസിലാണ് അപകടം നടന്നത്. സ്നേഹ റോഡ് മുറിച്ചുകടക്കുമ്പോള്‍ എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിച്ച കാര്‍ അല്‍പ്പം വേഗം കുറച്ച ശേഷം യുവതിക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കാനോ യുവതിയെ ആശുപത്രിയിലാക്കാനോ തയ്യാറാകാതെ മുന്നോട്ട് പോകുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. സംഭവത്തില്‍ യുവതി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. ഈ അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ട കാര്‍ കണ്ടെത്തിയത്.