കോട്ടയം: പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ കാന്‍സര്‍ വാര്‍ഡിനുവേണ്ടി അനുവദിച്ച ഉപകരണങ്ങളെത്തിയിട്ടും കെട്ടിടം പണി പൂര്‍ത്തിയായില്ല. കീമോതെറാപ്പിക്ക് ഉൾപ്പെടെ 30 ലക്ഷം രൂപയുടെ സാമഗ്രികളാണ് ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നത്. രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും കാന്‍സര്‍ വാര്‍ഡ് ഉൾപ്പെടെയുള്ളവയുടെ നിര്‍മാണം പ്രതിസന്ധിയിലാണ്. കാത്ത് ലാബ്, ഒരേസമയം ഏഴ് പേര്‍ക്ക് കീമോതെറാപ്പി ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ പൂര്‍ത്തിയാകാനുണ്ട്.
ടെന്‍ഡര്‍ നടപടികൾ സ്വീകരിക്കുമ്പോഴേക്കും കാലതാമസമെടുക്കും. വയറിങിനായി കോണ്‍ക്രീറ്റ് ചെയ്ത ഭിത്തി പൊളിക്കേണ്ടിവരുന്നത് അധിക ചെലവിനും ഇടയാക്കും. വാര്‍ഡിലേക്കുള്ള കിടക്കകളില്‍ ചിലത് നിലവിലെ പഴയ കെട്ടിടത്തില്‍ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. കെട്ടിട നിര്‍മാണം പൂര്‍ത്തിയായാല്‍ ഒരുകോടി രൂപയുടെ ഡയാലിസിസ് ഉപകരണങ്ങള്‍ ഉടന്‍ എത്തിക്കും. കൃത്യമായ കണക്കുകൂട്ടലുകളോടെ നിര്‍മാണം ആസൂത്രണം ചെയ്തിരുന്നെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നുവെന്ന് ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗം പീറ്റര്‍ പന്തലാനി പറഞ്ഞു. മെഡിസിന്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, ഡെന്‍റല്‍ ഒപി എന്നിവയടങ്ങിയ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ഇതുവരെ ഫയര്‍ ആന്‍ഡ് സേഫ്റ്റി അനുമതി ലഭിച്ചിട്ടില്ല.