കോട്ടയം: അമലോല്‍ഭവ മാതാവിന്റെ ടൗണ്‍ കപ്പേളയിലെ ജൂബിലി തിരുനാളിന് നഗരപ്രദക്ഷിണത്തോടെ സമാപനമായി. മുത്തുക്കുടകളുടെയും കുരിശുകളുടെയും അകമ്പടിയോടെ നഗരപ്രദക്ഷിണത്തിനിറങ്ങിയ മാതാവിന്റെ തിരുസ്വരൂപത്തിന് ഭക്തിനിര്‍ഭരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കപ്പേളയില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ സുറിയാനി റീത്തില്‍ രാവിലെ വിശുദ്ധ കുര്‍ബാന നടന്നു. തുടര്‍ന്ന് സെന്റ് മേരീസ് ഹൈസ്‌സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച മരിയന്‍ റാലിയില്‍ നൂറുകണക്കിന് കുട്ടികള്‍ പങ്കെടുത്തു.
10.30ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്റെ നേതൃത്വത്തിലുള്ള തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍ന്ന് പാലാ സിവൈഎംഎല്‍ സംഘടിപ്പിച്ച ടൂവീലര്‍ ഫാന്‍സിഡ്രസ് മത്സരവും ജൂബിലി ആഘോഷക്കമ്മറ്റി സംഘടിപ്പിച്ച ബൈബിള്‍ ടാബ്ലോ മത്സരവും നടന്നു.
വൈകുന്നേരം നാലിന് ആഘോഷപൂര്‍വമായ പ്രദിക്ഷണം നടന്നു. ളാലം പള്ളി റോഡിലൂടെ മാര്‍ക്കറ്റ് ജങ്ഷനിലെത്തി ആദ്യ സ്വീകരണം ഏറ്റുവാങ്ങി. തുടര്‍ന്ന് സിവില്‍ സ്റ്റേഷന്‍ പന്തല്‍, ടിബി റോഡ് പന്തല്‍, ന്യൂ ബസാര്‍, കട്ടക്കയം റോഡ് പന്തല്‍ എന്നിവിടങ്ങളിലെ പ്രൗഢഗംഭീരമായ സ്വീകരണങ്ങള്‍ക്ക് ശേഷം ളാലം പാലം ജങ്ഷനിലെ പന്തലില്‍ ലദീഞ്ഞും സന്ദേശവും നടന്നു. കപ്പേളയിലെത്തിയ മാതാവിന്റെ രൂപത്തെ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ചു.