കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് കളം ഒരുങ്ങുമ്പോൾ മൂന്ന് മുന്നണികളും വിജയത്തില്‍ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. കെഎം മാണി മത്സരിച്ച കാലത്തെ രാഷ്ട്രീയ അന്തരീക്ഷമല്ല എന്നതാണ് എല്‍ഡിഎഫിനെയും ബിജെപിയെയും ആവേശഭരിതരാക്കുന്നത്. ഒപ്പം കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും അനുകൂലമാകുമെന്ന പ്രതീക്ഷ ഇരുകൂട്ടര്‍ക്കുമുണ്ട്. ആഭ്യന്തരപ്രശ്‌നങ്ങള്‍ വിജയസാധ്യതയെ ബാധിക്കില്ലെന്നാണ് കേരള കോണ്ഗ്രസിന്റെ നിലപാട്.
ബൂത്ത് കണ്‍വെന്‍ഷനുകളടക്കം ചേര്‍ന്ന് തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ജോസ് കെ മാണിക്ക് ലഭിച്ച വന്‍ഭൂരിപക്ഷത്തിലാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് വിജയത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം നിയോജക മണ്ഡലം പ്രസിഡന്‍റ് ഫിലിപ്പ് കുഴികുളം പറഞ്ഞു.
എല്‍ഡിഎഫും വിജയപ്രതീക്ഷയിലാണ്. മണ്ഡലം ശില്‍പശാലകള്‍ക്ക് ശേഷം ബൂത്ത്, പഞ്ചായത്ത്തല ശില്‍പശാലകള്‍ നടത്തി പോരാട്ടത്തിന് തയാറെടുക്കുകയാണ് എല്‍ഡിഎഫ്. ആര്‍ക്കാണ് സീറ്റ് എന്ന് പരിഗണിക്കാതെ ഇത്തവണത്തെ വിജയം ഉറപ്പാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്.
ശബരിമല വിഷയം പാലാ ഉപതെരഞ്ഞെടുപ്പിലും ചര്‍ച്ചാവിഷയമാക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞതവണ ഉണ്ടായ വോട്ട് വര്‍ധവ് ബിജെപിക്ക് ഇത്തവണത്തെ പ്രതീക്ഷകള്‍ക്ക് തിളക്കം കൂട്ടുന്നു. മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടമോ ജില്ലാ പ്രസിഡന്റ് ഹരിയോ മത്സരിക്കുമെന്നാണ് ഇതുവരെയുള്ള നിഗമനം. മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യം മുതലാക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.