കോട്ടയം: മലയോരമേഖലയിലെ ദുരന്തങ്ങള്‍ക്ക് കാരണം പാറമടകളാണെന്നും അവ നിര്‍ത്തലാക്കാന്‍ ഏതറ്റംവരെയും പോകുമെന്നും പി സി ജോര്‍ജ് എംഎല്‍എ. തീക്കോയി ഗ്രാമപഞ്ചായത്ത് ഹാളില്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനവും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, കൂട്ടിക്കല്‍ മേഖലയില്‍ മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി വർദ്ധിച്ചതിനാല്‍ ഇതിന് ശാശ്വത പരിഹാരം ആലോചിക്കുമെന്ന് എംഎല്‍എ പറഞ്ഞു. പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍ എന്നിവരെ ഉള്‍പ്പെടുത്തി മന്ത്രിതലത്തില്‍ വിഷയം ചര്‍ച്ചചെയ്യും. നാടിന്‍റെ ശാപമായ പാറമടകള്‍ പരിപൂര്‍ണമായി നിര്‍ത്തിക്കും. മലയോരത്തെ കൈതകൃഷിയെ സംബന്ധിച്ച് പഠനം നടത്തുമെന്നും കൈതകൃഷി ഒഴിവാക്കാന്‍ കര്‍ഷകരെ ബോധവല്‍കരിക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിരിക്കുന്നത്. തീക്കോയി, തലനാട്, പൂഞ്ഞാര്‍ തെക്കേക്കര വില്ലേജുകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളില്‍ നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റും.