കോട്ടയം: പാലാ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയവരെ നീര്‍നായ ആക്രമിച്ചു. കടപ്പാട്ടൂര്‍ ക്ഷേത്രക്കടവില്‍ കുളിക്കാനിറങ്ങിയ രണ്ട് ശബരിമല തീര്‍ഥാടകരെയും നാട്ടുകാരായ രണ്ടാളുകളെയുമാണ് നീര്‍നായ കടിച്ചത്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. കടപ്പാട്ടൂര്‍ മൂലയില്‍ രാധാകൃഷ്ണന്‍ നായര്‍ (55), ക്ഷേത്രപരിസരത്തെ വ്യാപാരി എന്നിവരുൾപ്പെടെയുള്ളവർക്കാണ് നീര്‍നായയുടെ കടിയേറ്റത്. രാധാകൃഷ്ണന്‍ നായര്‍ പാലാ ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലും ചികിത്സ തേടി.
ശബരിമല തീര്‍ഥാടനത്തിന് എത്തിയ രണ്ട് തീര്‍ഥാടകര്‍ കടപ്പാട്ടൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തി കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് നീര്‍നായയുടെ കടിയേറ്റത്. കഴിഞ്ഞ വര്‍ഷം മീനച്ചിലാറ്റില്‍ കിടങ്ങൂരിലും നീര്‍നായയുടെ ആക്രമണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ക്ഷേത്രം അധികൃതർ പൊലീസില്‍ പരാതിപ്പെട്ടിട്ടില്ല.