കോട്ടയം: കോട്ടയം നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗം നിർത്തി വയ്‌പിച്ച് പ്രതിപക്ഷം. കഴിഞ്ഞ 19-ാം തീയതി നടന്ന കൗൺസിലിൽ ചർച്ച ചെയ്യാൻ സാധിക്കാതിരുന്ന 9 അജണ്ടകൾ പരിഗണനക്ക് എടുക്കാനായാണ് അടിയന്തര കൗൺസിൽ കൂടേണ്ടിവന്നത്. യോഗം ചേരുന്നത് ചട്ടം ലംഘിച്ചാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം രംഗത്തുവന്നത്. ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ അജണ്ട വായിക്കാൻ നിർദേശിച്ചപ്പോൾ തന്നെ പ്രതിപക്ഷം ചട്ടം ചൂണ്ടിക്കാണിച്ച് രംഗത്തു വന്നു.
ചട്ടപ്രകാരം മൂന്ന് ദിവസം മുൻപ് നോട്ടിസ് നൽകാതെ കൗൺസിൽ ചേരാനാവില്ല എന്ന നിലപാട് നഗരസഭ സെക്രട്ടറിയും സ്വീകരിച്ചതോടെ പ്രതിപക്ഷം ചെയറിന്‍റെ നടുത്തളത്തിലേക്കിറങ്ങി. ഇവരെ തടയാൻ ഭരണപക്ഷ അംഗങ്ങൾ തയാറായതുമില്ല. പ്രതിഷേധം തുടർന്നതോടെ നഗരസഭ ചെയർപേഴ്‌സൺ സീറ്റ് വിട്ടിറങ്ങി.
പിന്നീട് പ്രതിപക്ഷ കൗൺസിലർമാർ അധ്യക്ഷയുടെ ഓഫസിന് മുന്നിൽ ധർണ നടത്തി. പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ഷീജ അനിൽ, സീനിയർ കൗൺസിലർ പി.എൻ സരസമ്മാൾ, എൻ.എൻ വിനോദ്, ജിബി ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.