കോട്ടയം: കേരളാ പൊലീസില്‍ അഴിമതി നടന്നിട്ടില്ലന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളം കണ്ട ഏറ്റവും വലിയ തീവെട്ടി കൊള്ളയാണ് കേരള പൊലീസിൽ നടന്നത്. ഏതൊരു കുറ്റവാളിയും നടത്തുന്ന സ്വാഭാവിക പ്രതികരണം മാത്രമാണ് കോടിയേരി ബാലകൃഷ്ണൻ നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതികൾ നടന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കേരളാ പൊലീസിൽ 151 കോടിയുടെ പർച്ചേസുകൾ നടത്തിയത് യാതൊരു വിധ നടപടികളും പലിക്കാതെയാണന്ന സിഎജി കണ്ടെത്തൽ മൂടിവയ്ക്കാനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നത്. പൊലീസിനുള്ളിൽ നടന്നിരിക്കുന്ന അഴിമതികളിൽ ചീഫ് സെക്രട്ടറി കൂട്ടുകച്ചവടം നടത്തി. കോടിയേരി ബാലകൃഷ്ണന്‍റെ വാര്‍ത്താസമ്മേളനത്തിലൂടെ സിപിഎം അന്വേഷണത്തെ ഭയക്കുന്നു എന്നത് വ്യക്തമാകുന്നു എന്നും, വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹത സൃഷ്ടിക്കുന്നുവെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.
ഗ്യാലക്സൺ തട്ടിക്കൂട്ട് കമ്പനിയാണെന്നും ബിനാമിയായാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസിലെ അഴിമതി സംബന്ധമായ കാര്യങ്ങൾ സിബിഐ അന്വേഷിക്കണമെന്നും, തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ എൻഐഎ അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് കർമം നിർവഹിച്ച് ഇരുനൂറോളം പൊലീസ് വാഹനങ്ങൾ വാങ്ങിയതിലും അഴിമതി നടന്നിട്ടുണ്ടന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ബിഎസ് 6 വാഹനങ്ങൾ മാത്രമെ ഉപയോഗിക്കാവൂ എന്ന നിബന്ധന നിലനിൽക്കെ രജിസ്റ്റർ ചെയ്ത് സെക്കന്‍റ് ഹാൻഡ് വാഹനങ്ങളായി വിൽക്കേണ്ട ബിഎസ് 4 വാഹനങ്ങൾ വാങ്ങാൻ ഡിജിപി തിടുക്കം കാട്ടിയതെന്തിനെന്നും രമേശ് ചെന്നിത്തല ചോദിച്ചു.