കോട്ടയം : ജില്ല ജയിലില്‍ നിന്നും രക്ഷപ്പെട്ട ബിനുമോനെ തേടി പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വ്യാപകമായ തിരച്ചിലാണ് നടത്തിയത്. എന്നാല്‍ പ്രതിയെത്താന്‍ സാധ്യതയുള്ള ഒരു സ്ഥലത്തുനിന്നും ഇയാളെക്കുറിച്ച് വിവരങ്ങളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചില്ല. ഒടുവില്‍ പ്രതിയെ പൊലീസ് പിടികൂടിയതാവട്ടെ വീടിന് സമീപത്തുള്ള വാഴത്തോട്ടത്തില്‍ നിന്ന്. തന്നെ അന്വേഷിച്ച് പൊലീസ് പരക്കം പാഞ്ഞപ്പോള്‍ അവരുടെ കണ്ണ് വെട്ടിച്ചാണ് കിലോമീറ്ററോളം ദൂരം താണ്ടി കോട്ടയം മീനടം മൂളയിൽ ജെ.ബിനുമോന്‍ സ്വന്തം വീടിന് സമീപത്തെത്തിയത്.
ശനിയാഴ്‌ച (09-07-2022) പുലർച്ചെ അഞ്ചരയോടെയാണ് പ്രതി ജില്ല ജയിലിന്‍റെ അടുക്കള ഭാഗം വഴി പുറത്തേക്ക് ചാടിയത്. പിന്നാലെ തന്നെ ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ല മുഴുവന്‍ ഇയാള്‍ക്കായി അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് അവരുടെ കണ്ണ് വെട്ടിച്ച് പ്രതി വീടിന് സമീപത്തെത്തിയത്.
ജയില്‍ ചാടിയ പ്രതി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇയാള്‍ക്ക് മറ്റ് സഹായങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ജില്ലയ്‌ക്ക് പുറത്തേക്ക് കടക്കില്ല എന്നും അന്വേഷണസംഘം ഉറപ്പാക്കിയിരുന്നു. ഇയാള്‍ ഏത് സമയത്ത് എത്തിയാലും വിവരം നല്‍കാനുള്ള നിര്‍ദേശം പ്രതിയുടെ ബന്ധുക്കള്‍ക്കും, നാട്ടുകാര്‍ക്കും നല്‍കുകയും ചെയ്‌തു.
ALSO READ: ജയിൽ ചാടിയ കൊലക്കേസ് പ്രതി വീടിന് സമീപമെത്തി ; പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി
ഇത് അനുസരിച്ച് ബിനുമോന്‍ എത്തിയപ്പോള്‍ തന്നെ വിവരം ബന്ധുക്കള്‍ പൊലീസിന് കൈമാറി. അന്വേഷണസംഘം സ്ഥലത്ത് എത്തിയപ്പോൾ ഇയാൾ വീടിനുപിന്നിലെ പാടശേഖരത്തിലെ വാഴക്കൂട്ടത്തിനിടയിലേയ്ക്ക് ഇരിപ്പ് മാറ്റുകയായിരുന്നു. ഇവിടേക്ക് തിരച്ചിലിനായി ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ഈ സമയം സ്ഥലത്തുണ്ടായിരുന്ന പാമ്പാടി എസ്.ഐയും പൊലീസ് ഉദ്യോഗസ്ഥരും പിന്‍തുടര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ജയിൽ ചാടിയ സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് ബിനുമോനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.