കോട്ടയം: വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന വാഹന പരിശോധനയിൽ കോട്ടയം ജില്ലയിൽ 35 വാഹനങ്ങൾക്കെതിരെ കേസ്. ഇതിൽ 11 ലൈൻ ബസുകളും 24 ടൂറിസ്റ്റ് ബസുകളും ഉൾപ്പെടുന്നു. ഓപ്പറേഷൻ ഫോക്കസ് 3 എന്ന പേരിൽ ഒക്‌ടോബർ 16 വരെ തുടരുന്ന പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണ് വാഹനങ്ങളിൽ കണ്ടെത്തിയത്.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ചിങ്ങവനത്തെ സ്വകാര്യ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് എത്തിച്ച അഞ്ച് ബസുകളെ മോട്ടോർ വാഹന വകുപ്പ് വിലക്കിയതായി റിപ്പോർട്ടുണ്ട്. വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലും എയർ ഹോണും ലേസർ ലൈറ്റും ഘടിപ്പിച്ചതായും കണ്ടെത്തിയതാണ് വിലക്കിന് കാരണം. മാനദണ്ഡങ്ങൾ പാലിച്ച ശേഷം നിരത്തിൽ ഇറക്കിയാൽ മതിയെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്വകാര്യ ബസ് ഉടമകളെ അറിയിച്ചു.