കോട്ടയം : കെ.വി തോമസ് വിഷയത്തിൽ പാർട്ടി തീരുമാനമെടുക്കുമെന്ന് ഉമ്മൻചാണ്ടി. നേതൃത്വമാണ് അഭിപ്രായം പറയേണ്ടത്. പാർട്ടി എല്ലാ വശവും പരിശോധിച്ച് തീരുമാനമെടുക്കുന്നതായിരിക്കുമെന്നും ഇതേക്കുറിച്ച് പ്രതികരണത്തിനില്ലെന്നും അദ്ദേഹം പുതുപ്പള്ളിയിൽ പറഞ്ഞു.
കണ്ണൂരിൽ നടക്കുന്ന സിപിഎം 23-ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള സെമിനാറുകളിൽ പങ്കെടുക്കാൻ തിരുവനന്തപുരം എംപി കൂടിയായ ശശി തരൂരിനേയും മുൻ കേന്ദ്രമന്ത്രി കെ.വി തോമസിനേയും സിപിഎം ക്ഷണിച്ചിരുന്നു. എന്നാല്‍ സിപിഎം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വം എതിര്‍പ്പുയര്‍ത്തി.
ഇതോടെ ഹൈക്കമാന്‍ഡ് ഇരുവര്‍ക്കും അനുമതി നിഷേധിച്ചു. ഇത് ലംഘിച്ചാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ കെ വി തോമസ് പങ്കെടുത്തത്. സെമിനാറിൽ പങ്കെടുത്താൽ കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍റെ പ്രസ്‌താവന തള്ളിയാണ് അദ്ദേഹം സിപിഎം വേദിയിലെത്തിയത്.
എന്നാൽ എ.ഐ.സി.സി അംഗമായ തനിക്കെതിരെ നടപടിയെടുക്കാൻ കേന്ദ്രനേതൃത്വത്തിനേ കഴിയുകയുള്ളൂവെന്ന് കെ.വി.തോമസ് തിരിച്ചടിച്ചു. അദ്ദേഹം അച്ചടക്കലംഘനം നടത്തിയെന്ന് കാണിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ പാര്‍ട്ടി അദ്ധ്യക്ഷ സോണിയക്ക് കത്തയച്ചിട്ടുണ്ട്. എകെ ആന്‍റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്കസമിതി ഇത് പരിഗണിച്ച് നടപടി തീരുമാനിക്കും.