കോട്ടയം: കേരളീയരുടെ മനസില്‍ എന്നും മായാത്ത ഓര്‍മയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ (Memories Of Oommen Chandy). രാഷ്‌ട്രീയ താത്‌പര്യങ്ങള്‍ക്കപ്പുറം പൊതുജന താത്‌പര്യത്തിനായി അഹോരാത്രം സേവനമനുഷ്‌ഠിച്ച ഉമ്മന്‍ചാണ്ടിയുടെ വേര്‍പാട് ജാതി, മത, രാഷ്‌ട്രീയ ഭേദമന്യ എല്ലാവരെയും ദുഃഖത്തിലാക്കിയിരുന്നു. അതുകൊണ്ട് തന്നെ പുതുപ്പള്ളി ഹൗസ് മുതല്‍ പുതുപ്പള്ളി വരെയുള്ള അദ്ദേഹത്തിന്‍റെ വിലാപ യാത്ര ഇന്നും മലയാളികള്‍ക്ക് മായാത്ത ഓര്‍മയാണ്.
പൂക്കളാല്‍ അലങ്കരിച്ച കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ (Oommen Chandy Mourning Procession) ബസിലെ വിലാപ യാത്രയില്‍ തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി കാണാന്‍ വഴിയരികില്‍ ആയിര കണക്കിനാളുകളാണ് കാത്ത് നിന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ വിലാപ യാത്രയുടെ ഓര്‍മകളെ പുനരാവിഷ്‌കരിച്ചിരിക്കുകയാണ് ചങ്ങനാശേരി തെങ്ങണയിലെ ഒരുക്കൂട്ടം യുവാക്കള്‍. മൃതദേഹ പേടകം വഹിച്ച് ജനമധ്യത്തിലൂടെ നീങ്ങുന്ന കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസിന്‍റെ മിനിയേച്ചറാണ് ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തില്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്.
ചങ്ങനാശ്ശേരി തെങ്ങണ ബ്ലൂ ബേഡ് ഗ്രാഫിക്‌സ് ഉടമ ജോണിക്കുട്ടി വർഗീസും അദ്ദേഹത്തിന്‍റെ സ്ഥാപനത്തിലെ ജീവനക്കാരായ സുബിന്‍ വര്‍ഗീസ്, വിഷ്‌ണു വിനോജ്, പവന്‍ മാത്യു, കിച്ചു വിഷ്‌ണു എന്നിവരടങ്ങിയ സംഘമാണ് മിനിയേച്ചർ നിർമിച്ചത്. ഏഴ് ദിവസം കൊണ്ടാണ് മിനിയേച്ചര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് (Miniature Of Oommen Chandy Mourning Procession).
ഫോറെക്‌സ് ഷീറ്റ്, തുണി, സ്റ്റിക്കർ എന്നിവ ഉപയോഗിച്ച് നിർമിച്ച ബസിന് നാലടി നീളമാണുള്ളത്. ബസിനുള്ളിൽ ഉമ്മൻചാണ്ടിയുടെ മൃതദേഹം പേടകവും അതിനരികിൽ മകൻ ചാണ്ടി ഉമ്മൻ ദുഃഖത്തോടെ നിൽക്കുന്നതും കാണാൻ കഴിയും. ബസിന്‍റെ ഇന്‍റീരിയറുകൾ ഒറിജിനൽ പോലെ തന്നെ തോന്നിക്കും വിധമാണ് നിർമിച്ചിരിക്കുന്നത്. ബസിന്‍റെ മുൻ ഭാഗത്തായി ഉമ്മൻ ചാണ്ടിയുടെ ചിത്രവും കാണാനാകും. ബസിലുണ്ടായിരുന്ന പൂമാലകളും റീത്തുകളും അതേപടി നിര്‍മിച്ചിട്ടുണ്ട്.
തങ്ങളുടെ പ്രിയ നേതാവിനോടുള്ള ആദര സൂചകമായാണ് ബസിന്‍റെ മിനിയേച്ചര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് യുവാക്കള്‍ പറയുന്നു. യുവാക്കളുടെ കൂട്ടായ്‌മയില്‍ രൂപമെടുത്ത ഈ മിനിയേച്ചര്‍ പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ സമര്‍പ്പിക്കാനാണ് തീരുമാനം. മിനിയേച്ചര്‍ നിര്‍മിച്ച വാര്‍ത്തകള്‍ പരന്നതോടെ നിരവധി പേരാണ് ബ്ലൂ ബേഡ് ഗ്രാഫിക്‌സിന്‍റെ ഓഫിസിലേക്ക് ഒഴുകിയെത്തുന്നത്.
ഇക്കഴിഞ്ഞ ജൂലൈ 18ന് പുലര്‍ച്ചെയാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗം. കാന്‍സര്‍ ബാധിച്ച് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ബെംഗളൂരൂവില്‍ നിന്നും അന്ന് ഉച്ചയോടെ മൃതദേഹം കേരളത്തില്‍ എത്തിച്ചു.
ജഗതിയിലെ വീട്ടിലും ദര്‍ബാര്‍ ഹാളിലും സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിലും പൊതു ദര്‍ശനത്തിന് വച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം കോട്ടയത്തെ പുതുപ്പള്ളിയിലെ വീട്ടിലേക്ക് വിലാപ യാത്രയായി കൊണ്ടുപോയത്. വിലാപ യാത്രയില്‍ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് വഴിയരികില്‍ കാത്ത് നിന്നത്. 24 മണിക്കൂര്‍ പിന്നിട്ട് പുതുപ്പള്ളിയിലെത്തിയ വിലാപ യാത്ര സ്വന്തം വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് ജൂലൈ 20ന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് വലിയ പള്ളിയില്‍ ഖബറടക്കി.