കോട്ടയം: കോട്ടയത്ത് തോമസ് ചാണ്ടി അനുസ്മരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഇടതു മുന്നണിയില്‍ ഇടഞ്ഞു നില്‍ക്കുന്ന എന്‍സിപിയുടെ പരിപാടിയില്‍ ഒന്നിലധികം യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തതും ശ്രദ്ധേയമായി. പാലാ അസംബ്ലി സീറ്റിനെ ചൊല്ലി എന്‍സിപി ഇടതു മുന്നണിയില്‍ അഭിപ്രായഭിന്നതയില്‍ നില്‍ക്കുകയാണ്. എന്‍സിപി മുന്നണി വിട്ടേക്കുമെന്നും യുഡിഎഫുമായി മാണി സി കാപ്പന്‍ ചര്‍ച്ചകള്‍ നടത്തിയെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
ഇതിനിടെയാണ് മുന്‍ മന്ത്രിയും എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടിയുടെ അനുസ്മരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തത്. എന്‍സിപി ജില്ലാ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. രണ്ടു ചേരിയിലായിരുന്നെങ്കിലും എന്നും സൗഹൃദം കാത്തുസൂക്ഷിച്ച നേതാവായിരുന്നു തോമസ് ചാണ്ടിയെന്ന് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പി.ജെ ജോസഫ് വിഭാഗം നേതാവായ മോന്‍സ് ജോസഫ് എംഎല്‍എയും പരിപാടിയില്‍ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി ഒഴികെ ഇടതു മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കളാരും പരിപാടിയില്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി.