കോട്ടയം : അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നവരുടെ എണ്ണം വർധിച്ചതോടെ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം രാത്രിയിലേക്ക് മാറ്റി. എട്ടു മണിക്കായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു ആദ്യം സംസ്‌കാരം നിശ്ചയിച്ചത്. പിന്നീടത് വൈകിട്ട് മൂന്ന് മണിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ ആളുകളുടെ എണ്ണം വലിയ രീതിയിൽ വർധിച്ചതോടെ സംസ്‌കാരം മാറ്റുകയായിരുന്നു.
കാണാൻ എത്തുന്ന എല്ലാവരെയും കാണുക എന്നതാണ് ഉമ്മൻ ചാണ്ടിയുടെ ശൈലി എന്നതുകൊണ്ടാണ് സംസ്‌കാരം മാറ്റുന്നത് സംബന്ധിച്ച് കുടുംബവും കോൺഗ്രസും ചർച്ച ചെയ്‌ത് തീരുമാനമെടുത്തത്. കോട്ടയം കലക്‌ടറുടെ പ്രത്യേക അനുമതി തേടിയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.
തിരുനക്കര മൈതാനിയിലെ പൊതുദർശനം പൂർത്തിയാക്കി സംസ്‌കാരം പുതുപ്പള്ളിയിലെ വസതിയിലേക്ക് എത്തിക്കുകയാണ്. വികാരനിർഭരമായാണ് പുതുപ്പള്ളി പ്രിയ നേതാവിന് വിട നൽകുന്നത്. ആയിരങ്ങളാണ് മണിക്കൂറുകളായി കാത്ത് നിൽക്കുന്നത്.
പുതുപ്പള്ളിയിലെ കുടുംബവീട്ടിലും നിര്‍മാണത്തിലിരിക്കുന്ന വീട്ടിലും പൊതുദര്‍ശനത്തിന് വച്ച ശേഷം രാത്രി 7 മണിയോടെ പുതുപ്പള്ളി പള്ളിയിലേക്ക് ഭൗതികശരീരം മാറ്റും. പരിശുദ്ധ കാത്തോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പങ്കെടുക്കും. രാഹുൽ ഗാന്ധിയടക്കം നേതാക്കളും പുതുപ്പളിയിൽ എത്തുന്നുണ്ട്.