കോട്ടയം: ഒറ്റനമ്പർ - ഓൺലൈൻ ലോട്ടറി കേന്ദ്രത്തിൽ നടത്തിയ റെയ്‌ഡിൽ നടത്തിപ്പുകാരൻ പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കൽ പഞ്ചായത്തിൽ വഞ്ചാങ്കൽ വീട്ടിൽ മദീന നവാസ് എന്നറിയപ്പെടുന്ന നവാസ് (36) ആണ് ഈരാറ്റുപേട്ട പൊലീസിന്‍റെ പിടിയിലായത്.
സംസ്ഥാന സർക്കാർ ലോട്ടറിയുടെ മറവിൽ ഈരാറ്റുപേട്ടയിൽ ഓൺലൈൻ ചൂതാട്ടവും ഒറ്റ നമ്പർ ലോട്ടറിയും നടത്തി വരികയായിരുന്നു ഇയാള്‍. അനധികൃത ലോട്ടറി കച്ചവടത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു.
ALSO READ: പുല്ലാങ്കുഴല്‍ നാദമാകുന്ന ശ്വാസതാളം, ആ പെരുന്തച്ചൻ ഇവിടെയുണ്ട്
ജില്ല പൊലീസ് മേധാവി ടി ശില്‍പ ഐഎഎസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലാ ഡിവൈഎസ്‌പി ഷാജു ജോസിന്‍റെ നിർദേശ പ്രകാരം ജില്ലാ ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥൻമാരുടെ സാന്നിധ്യത്തിലായിരുന്നു പൊലീസ് നടപടി.
വ്യാജ ലോട്ടറി ഇടപാട് കാരണം സർക്കാരിന് നികുതിയിനത്തിൽ കനത്ത നഷ്‌ടമാണ് ഉണ്ടാകുന്നത്. കൂടാതെ സർക്കാർ ലോട്ടറി വില്‍പനക്കാർക്കും വ്യാജലോട്ടറി ഭീഷണിയായിരുന്നു.
ഈരാറ്റുപേട്ട എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസിന്‍റെ മേൽനോട്ടത്തിൽ എസ് ഐ അനുരാജ് എം എച്ചിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധന നടത്തിയത്. ഗ്രേഡ് എസ് ഐ സുരേഷ് കുമാർ, തോമസ് സേവ്യർ , എ.എസ്.ഐ വിനയരാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സജിമോൻ ഭാസ്‌കരൻ, സിവിൽ പൊലീസ് ഓഫീസർ ശരത് കൃഷ്‌ണദേവ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ നവാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.