കോട്ടയം: പെരുന്ന ബസ് സ്റ്റാൻഡിന് സമീപം നടപ്പാതയില്‍ പിന്നോട്ടെടുത്ത കാർ ഇടിച്ച് വീട്ടമ്മ മരിച്ചു. ചങ്ങനാശേരി പൂവം കൊച്ചുതറ വീട്ടിൽ ബിജുവിൻ്റെ ഭാര്യ ഷീലയാണ് ( 45 ) മരിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ഓടെ പെരുന്ന ഒന്നാം നമ്പർ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം.
ഭർത്താവ് ബിജുവിനൊപ്പം വീട്ടിലേയ്ക്ക് സാധനം വാങ്ങുന്നതിനായി എത്തിയപ്പോഴായിരുന്നു അപകടം. കടയുടെ പുറത്തെ നടപ്പാതയ്ക്ക് സമീപം നിൽക്കുകയായിരുന്നു ഷീല. ഇവിടേയ്ക്ക് എത്തിയ കാർ പാർക്ക് ചെയ്യുന്നതിനിടയിൽ ഷീലയെ തട്ടുകയും റോഡിലേയ്ക്ക് വീഴുകയുമായിരുന്നു.
തലയ്ക്ക് സാരമായി പരിക്കേറ്റ ഷീലയെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: നാല് വയസുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി
ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം പിന്നീട്. മോനിഷ, വിഷ്ണു, നിഷ, മോനിഷ് (ഗൾഫ്) എന്നിവരാണ് മക്കൾ. ബിനുവാണ് മരുമകൻ.