കോട്ടയം: 2016ല്‍ 27092 വോട്ടിന് ജയിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇക്കുറി നേടാനായത് 8504 വോട്ടിന്‍റെ ഭൂരിപക്ഷം മാത്രം. കോണ്‍ഗ്രസിന്‍റെ പൊന്നാപുരം കോട്ട വിറപ്പിക്കുന്നതായിരുന്നു ഇടതുമുന്നണിയുടെ യുവ സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസിന്‍റെ മുന്നേറ്റം. ലീഡ് നിലയിലെ കുറവ്, ഒരു ഘട്ടത്തില്‍ ജെയ്ക്ക് ജയിക്കുമോയെന്ന തോന്നലുളവാക്കുകയും ചെയ്‌തു. കോണ്‍ഗ്രസ് നായകന്‍റെ ഭൂരിപക്ഷത്തിലുണ്ടായ കനത്ത ഇടിവിന്‍റെ ഞെട്ടലിലാണ് യുഡിഎഫ് ക്യാമ്പ്. സംസ്ഥാനത്തുടനീളം ആഞ്ഞടിച്ച ഇടതുരംഗം പുതുപ്പള്ളിയെയും ഇളക്കി.
കേരള കോണ്‍ഗ്രസ് എം മുന്നണിവിട്ടതും യാക്കോബായ സഭയുടെ നിലപാടുമാണ് വോട്ടുകുറയാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതുവരെയുള്ള തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്‍റെ വോട്ടുകള്‍ കൃത്യമായി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി പോള്‍ ചെയ്യപ്പെടാറുണ്ടായിരുന്നു. ഇക്കുറി ജോസ് കെ മാണി എതിര്‍പക്ഷത്തായപ്പോള്‍ ആ വിഭാഗത്തിന്‍റെ വോട്ട് ജെയ്ക്കിന് അനുകൂലമായി. യാക്കോബായ സഭ ഇടതുമുന്നണിക്ക് അനുകൂലമായി നിലപാടെടുത്തതും ഉമ്മന്‍ചാണ്ടിക്ക് പ്രഹരമായി. ഓര്‍ത്തഡോക്സ് വിഭാഗവുമായുള്ള പള്ളിത്തര്‍ക്കങ്ങള്‍ മുന്‍നിര്‍ത്തിയാണ് യാക്കോബായ സഭ എല്‍ഡിഎഫിന് അനുകൂലമായി നിലപാടെടുത്തത്. മണര്‍കാട്, പാമ്പാടി പഞ്ചായത്തുകളില്‍ ഇതുമൂലം കനത്ത തിരിച്ചടിയേറ്റു.
കഴിഞ്ഞകുറി പാമ്പാടിയില്‍ മൂവായിരത്തിന് മുകളില്‍ ഉമ്മന്‍ചാണ്ടി ലീഡ് നേടിയിരുന്നു. എന്നാല്‍ ഇക്കുറി ഇവിടെ ജെയ്ക്ക് 750 വോട്ടിന്‍റെ മുന്നേറ്റം നടത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ എട്ടില്‍ ആറ് പഞ്ചായത്തുകളില്‍ ഇടതുമുന്നണി അധികാരം പിടിച്ചിരുന്നു. മീനടം, അയര്‍ക്കുന്നം പഞ്ചായത്തുകള്‍ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. അകലക്കുന്നം, പുതുപ്പള്ളി, പാമ്പാടി, വാകത്താനം, പുതുപ്പള്ളി, കൂരോപ്പട, മണര്‍കാട് എന്നിവിടങ്ങളില്‍ ഇടത് തേരോട്ടമായിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് നിയമസഭ തെരഞ്ഞെടുപ്പിലും പ്രകടമായത്. 1970 മുതല്‍ പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ചാണ്ടി ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ച് വിജയിച്ചുവരികയായിരുന്നു.
അതേസമയം മതം ഉപയോഗിച്ച് എല്‍ഡിഎഫ് ക്യാമ്പ് ഉമ്മന്‍ചാണ്ടിക്കെതിരെ പ്രചാരണം നടത്തിയതാണ് ഭൂരിപക്ഷത്തിലെ ഇടിവിന് കാരണമെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ചിഹ്നവും ഇടവകയുടെ പേരും ഉപയോഗിച്ച് വോട്ട് തേടിയെന്ന് ചൂണ്ടിക്കാട്ടി ജെയ്ക്ക് സി തോമസിനും മണര്‍കാട് പള്ളി സഹവികാരിക്കുമെതിരെ യുഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.