കോട്ടയം: നഗരത്തിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലും നാട്ടകത്തുമായി പത്ത് ഹോട്ടലുകളിലാണ് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
ഹോട്ടൽ നവഭാരത്, സബിത, ശങ്കർ ടീ ഷോപ്പ്, ലിറ്റിൽ ബേക്കറി, വേമ്പനാട് റിസോര്‍ട്ട് എന്നീ ഹോട്ടലുകളില്‍ നിന്നാണ് ദിവസങ്ങൾ പഴക്കമുള്ള ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തത്. രണ്ട് സോണുകളായി തിരിഞ്ഞാണ് ആരോഗ്യ വിഭാഗം മിന്നല്‍ പരിശോധന നടത്തിയത്. ഹോട്ടലുകൾക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികളും പിഴയും ഈടാക്കുമെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. വരും ദിവസങ്ങളിലും പരിശോധനകൾ തുടരാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.