കോട്ടയം : ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നോട്ടിസ് അയച്ച് എൻഎസ്എസ്. മുന്നോക്ക സമുദായ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന കോടതി നിർദേശം സർക്കാർ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഒരു മാസത്തിനുള്ളിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കുന്നതിൽ സർക്കാർ കാലതാമസം വരുത്തുന്നത് ചോദ്യം ചെയ്‌തും ഇക്കാര്യത്തില്‍ എത്രയും വേഗം നടപടിയെടുക്കാന്‍ സർക്കാരിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്. ഉപഹർജിയിൽ വാദം കേട്ട ശേഷം ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടത്.
Also Read: ന്യൂനപക്ഷ അനുപാതം : സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന വാദമാണ് സർക്കാർ മുന്നോട്ടുവച്ചത്. എന്നാൽ ഈ വാദം കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം മുന്നോക്ക സമുദായ പട്ടിക സർക്കാർ കഴിഞ്ഞ ഏപ്രിൽ 23ന് മുമ്പ് പ്രസിദ്ധീകരിക്കേണ്ടതാണ്. ഉത്തരവ് പുറപ്പെടുവിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും അത് നടപ്പിലാക്കാത്തതിനെതിരെയാണ് ഇപ്പോൾ എൻഎസ്എസ് മേധാവി സെക്രട്ടറിക്ക് കോടതിയലക്ഷ്യ നോട്ടിസ് അയച്ചിരിക്കുന്നത്. പട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നഷ്‌ടമാവുകയാണ്. അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ വ്യക്തിപരമായി കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ എൻഎസ്എസ് മുന്നറിയിപ്പ് നൽകുന്നു.