കോട്ടയം: നിയമസഭ സ്‌പീക്കര്‍ എ എന്‍ ഷംസീറിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്‌എസ് (നായര്‍ സര്‍വീസ് സൊസൈറ്റി). ഹൈന്ദവ വിശ്വാസത്തിനെതിരെയുള്ള സ്‌പീക്കറുടെ പരാമര്‍ശം ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും അത് അതിരുകടന്ന് പോയെന്നും എന്‍എസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കി. ഓരോ മതത്തിനും അതിന്‍റേതായ വിശ്വാസ പ്രമാണങ്ങളുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരവും അര്‍ഹതയുമില്ല.
സമൂഹത്തില്‍ മതസ്‌പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അത് അംഗീകരിക്കാനാവില്ല. പ്രത്യേകിച്ചും ജനാധിപത്യത്തിന്‍റെ ശ്രീകോവിലായ അസംബ്ലിയെ നിയന്ത്രിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഒട്ടും യോജിച്ചതല്ലെന്നും ഇത്തരം സാഹചര്യത്തില്‍ സ്‌പീക്കര്‍ക്ക് തത്‌സ്ഥാനത്ത് തുടരുന്നതിന് അര്‍ഹതയില്ലെന്നും എന്‍എസ്‌എസ് പറഞ്ഞു.
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും വിധമുള്ള സ്‌പീക്കറുടെ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവരോട് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം സ്‌പീക്കര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും എന്‍എസ്എസ് വ്യക്തമാക്കി. ഷംസീറിന്‍റെ വിവാദ പരാമര്‍ശത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും തമ്മിലുള്ള വാക്കേറ്റങ്ങളും തര്‍ക്കങ്ങളും തുടരുന്നതിന് ഇടയിലാണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ വിമര്‍ശനം.
വിവാദത്തിന് ഇരയായ എ എന്‍ ഷംസീറിന്‍റെ പരാമര്‍ശം: ''വന്ധ്യത ചികിത്സയും വിമാനവും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വക്കാലം മുതലുണ്ടെന്നും താന്‍ പഠിച്ച കാലത്ത് വിമാനം കണ്ടുപിടിച്ചത് ആരെന്ന് ചോദിച്ചാല്‍ റൈറ്റ് ബ്രദേഴ്‌സ് എന്നായിരുന്നു ഉത്തരം. എന്നാല്‍ ആദ്യ വിമാനം പുഷ്‌പക വിമാനമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഗണപതിയും പുഷ്‌പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സിന്‍റെ കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളാണ്. അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതാണ് ഹൈന്ദവ പുരാണങ്ങളിലെ സംഭവങ്ങൾ. ആനയുടെ തലവെട്ടി പ്ലാസ്‌റ്റിക് സർജറി ചെയ്‌തതായി പഠിപ്പിക്കുന്നു. പുഷ്‌പക വിമാനമെന്ന പരാമർശം തെറ്റായ പ്രചരണമാണ്. ടെക്നോളജി യുഗത്തെ അംഗീകരിക്കണം. മിത്തുകളെ തള്ളിക്കളയണം'' എന്നുമുള്ള സ്‌പീക്കറുടെ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവച്ചത്.
ജൂലൈ 21നായിരുന്നു സ്‌പീക്കര്‍ വിവാദത്തിന് കാരണമായ പരാമര്‍ശം നടത്തിയത്. കുന്നത്തുനാട് ജിഎച്ച്എസ്എസില്‍ നടന്ന വിദ്യാജ്യോതി പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.
വിവാദത്തിന് പിന്നാലെ സ്‌പീക്കര്‍ക്ക് വിമര്‍ശന പെരുമഴ: സ്‌പീക്കര്‍ എ എന്‍ ഷംസീറിന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ വിവിധയിടങ്ങളില്‍ നിന്ന് രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഞങ്ങള്‍ ഹിന്ദുക്കള്‍ ഗണപതിയെ വണങ്ങും അത് ചോദിക്കാന്‍ താനാരാ മേത്താ? തനിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ ഓരോ പൊലീസ് സ്റ്റേഷനിലും തനിക്കെതിരെ വര്‍ഗീയ വിദ്വേഷ പ്രസ്‌താവനക്ക് കേസ് കൊടുക്കുമെന്നും ആണ് സംവിധായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.
സ്‌പീക്കറുടെ പരാമര്‍ശത്തില്‍ കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാന്‍ വിശ്വ ഹിന്ദു പരിഷത്ത് തീരുമാനിച്ചിരുന്നു. ജൂലൈ 30നകം സംസ്ഥാനത്തെ മുഴുവന്‍ സ്റ്റേഷനുകളിലും പരാതി നല്‍കുമെന്ന് വിഎച്ച്‌പി അറിയിച്ചിരുന്നു. പാലക്കാട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇതു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്.