കോട്ടയം: മിത്ത് വിവാദം കത്തിനില്‍ക്കുന്നതിനിടെ എന്‍എസ്എസ് ഡയറക്‌ടര്‍ ബോര്‍ഡ് യോഗം നാളെ (ഓഗസ്റ്റ് 06) ചേരും. പെരുന്നയിലാണ് യോഗം. സ്‌പീക്കര്‍ എ എന്‍ ഷംസീറിന്‍റെ മിത്ത് പരാമര്‍ശത്തിനെതിരെ ഉറച്ച നിലപാടുമായി എന്‍എസ്എസ് മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ ഏറെ പ്രാധന്യമുള്ള മീറ്റിങ്ങാണ് സംഘടന ചേരാനിരിക്കുന്നത്.
മിത്ത് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആദ്യം സ്വീകരിച്ച നിലപാടില്‍ നിന്നും പിന്നോട്ട് പോയിരുന്നു. എന്നാല്‍, പ്രസ്‌താവന തിരുത്താന്‍ സ്‌പീക്കര്‍ ഇതുവരെയും തയ്യാറായിട്ടില്ല. അതിനിടെ, നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തതും എന്‍എസ്എസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിലെല്ലാം തന്നെ സംഘടനയുടെ തുടര്‍നിലപാടുകള്‍ നാളെ നടക്കുന്ന അടിയന്തര ഡയറക്‌ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കാനാണ് സാധ്യത.
സ്‌പീക്കറുടെ ഗണപതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഓഗസ്റ്റ് രണ്ടിനായിരുന്നു എന്‍ എസ് എസ് നാമജപഘോഷയാത്ര സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലായിരുന്നു അവസാനിച്ചത്. ഇതിന് പിന്നാലെ നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്‌തു.
ഘോഷയാത്രയുടെ ഭാഗമായ കണ്ടാലറിയുന്ന ആയിരം പേര്‍ക്കെതിരെ ആയിരുന്നു തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസിന്‍റെ കേസ്. അനധികൃതമായി സംഘം ചേരുകയും ഗതാഗത തടസം സൃഷ്‌ടിക്കുകയും ചെയ്‌ത കുറ്റങ്ങള്‍ക്കായിരുന്നു കേസെടുത്തത്. പൊലീസ് ആജ്ഞ ലംഘിച്ച് നടത്തിയ നാമജപ ഘോഷയാത്രയില്‍ എന്‍എസ്എസ് വൈസ് പ്രസിഡന്‍റിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്.
ഇതിന് പിന്നാലെ, കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് എന്‍എസ്എസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്‍എസ്എസ് വൈസ് പ്രസിഡന്‍റ് സംഗീത് കുമാര്‍ ആയിരുന്നു കേസ് റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഹര്‍ജി സമര്‍പ്പിച്ചത്. പ്രതിഷേധങ്ങള്‍ സമാധാനപരമായി സംഘടിപ്പിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണെന്ന വാദവും ഹര്‍ജിയിലുണ്ട്. വരുന്ന തിങ്കളാഴ്‌ചയാണ് (ഓഗസ്റ്റ് 07) എന്‍എസ്എസിന്‍റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.
നേരത്തെ, സ്‌പീക്കര്‍ എ എന്‍ ഷംസീറിന്‍റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് എന്‍എസ്‌എസ് രംഗത്തെത്തിയിരുന്നു. ഹൈന്ദവ വിശ്വാസത്തിന് എതിരായി സ്‌പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അതിരുകടന്ന് പോയെന്നും അവയെ ന്യായീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു എന്‍എസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം. ഓരോ മതത്തിനും അതിന്‍റേതായ വിശ്വാസ പ്രമാണങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം അവയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അര്‍ഹതയില്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
പ്രതിഷേധം തുടരാന്‍ ബിജെപിയും : മിത്ത് പരാമര്‍ശത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന സിപിഎം നിലപാട് സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. നിയമവിരുദ്ധമായൊരു കുറ്റമാണ് ഷംസീര്‍ ചെയ്‌തത്. വിഷയത്തില്‍ ഇല്ലാത്തൊരു കാര്യം ഉള്ളതാക്കി ഷംസീര്‍ ചിത്രീകരിച്ചു. ഷംസീര്‍ മാപ്പ് പറയുന്നത് വരെ ബിജെപി പ്രക്ഷോഭം നടത്തുമെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.