കോട്ടയം: അവാര്‍ഡ് നല്‍കണമെന്ന് ആരോടും അപേക്ഷിച്ചിട്ടില്ലെന്ന് 'മീശ' നോവലിസ്റ്റ് എസ്.ഹരീഷ്. ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് കരസ്ഥമാക്കിയതിന് ശേഷം ഉയര്‍ന്ന് വന്ന വിമര്‍ശനത്തെ കുറിച്ച് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവാര്‍ഡ് നല്‍കുന്നതിനായി പുസ്‌തകം തെരഞ്ഞെടുക്കണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത് ജൂറിയാണ്.
എന്‍റെ നോവലിന് അവാര്‍ഡ് നല്‍കി ഞാന്‍ അത് വാങ്ങി അത്ര മാത്രം. പുസ്‌തകം വായിക്കാത്തവരുടെ അഭിപ്രായങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങൾ മീശ നോവലിന്‍റെ ഉള്ളടക്കം ചർച്ച ചെയ്യുന്നതിനെ ദോഷകരമായി ബാധിച്ചുവെന്നും വിവാദങ്ങള്‍ ഉയര്‍ന്നത് പുസ്‌തകത്തിന്‍റെ വില്‍പന കൂട്ടിയിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
നോവലിന്‍റെ മറ്റ് ഭാഷകളിലെ വിവര്‍ത്തനങ്ങളാണ് പരിമിതികള്‍ നികത്തിയതെന്നും എസ്.ഹരീഷ് പറഞ്ഞു. വയലാർ അവാർഡ് ലഭിച്ചതിന് ശേഷവും തുടരുന്ന വിവാദങ്ങൾ പുസ്‌തകം വായിക്കാത്തവരാണ് സ്യഷ്‌ടിക്കുന്നത്. എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യം നൽകണമെന്നും ഒരു ഭാഷയും അടിച്ചേൽപ്പിക്കരുതെന്നും എസ്.ഹരീഷ് കൂട്ടിച്ചേര്‍ത്തു.
ഒക്‌ടോബര്‍ എട്ടിനാണ് എസ്.ഹരീഷിന്‍റെ 'മീശ'യെന്ന നോവലിന് വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചത്. രാഷ്‌ട്രീയ പ്രാധാന്യം ഏറെയുള്ള പുസ്‌തകം മാതൃഭൂമി വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ശക്തമായ എതിര്‍പ്പുമായി ആര്‍എസ്‌എസ് രംഗത്തെത്തിയതോടെ പ്രസിദ്ധീകരണം നിര്‍ത്തി വച്ചു.
അരനൂറ്റാണ്ട് മുമ്പുള്ള കേരളീയ ജാതി ജീവിതത്തെ ദലിത് പശ്ചാത്തലത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന നോവലാണിത്. ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന നോവല്‍ അവാര്‍ഡ് കരസ്ഥമാക്കിയതാണ് ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമാകുന്നത്. ഒക്‌ടോബര്‍ 27ന് വൈകിട്ട് 5.30 ന് നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും.
also read: വിവാദങ്ങള്‍ക്കപ്പുറമുള്ള അംഗീകാരം: വയലാർ പുരസ്‌കാരം എസ് ഹരീഷിന്‍റെ ‘മീശ’ നോവലിന്